ന്യൂഡല്‍ഹി: ഛത്തീസ്‌ഗഡിലെ ബിജാപൂര്‍ ഏറ്റുമുട്ടലില്‍ ഉള്‍പ്പെട്ട വനിത മാവോയിസ്റ്റ് കേഡറെ എന്‍ഐഎ അറസ്റ്റ് ചെയ്‌തു. മഡ്‌കം ഉങ്കി എന്ന കമലയെയാണ് ബിജാപൂര്‍ ജില്ലയിലെ ഭോപ്പാല്‍പട്ടണം മേഖലയില്‍ നിന്ന് എന്‍ഐഎ ഇന്നലെ പിടികൂടിയത്. 2021ജൂണില്‍ 22 പൊലീസുകാരുടെ മരണത്തിനും 30ലധികം പേര്‍ക്ക് പരിക്കേല്‍ക്കാനും ഇടയാക്കിയ സംഭവമായിരുന്നു ബിജാപൂര്‍ ഏറ്റുമുട്ടല്‍.
22 പൊലീസുകാര്‍ കൊല്ലപ്പെട്ട ബിജാപൂര്‍ ഏറ്റുമുട്ടല്‍; വനിത മാവോയിസ്റ്റ് നേതാവ് എന്‍ഐഎ പിടിയില്‍ - ജഗദല്‍പൂരിലെ എന്‍ഐഎ പ്രത്യേക കോടതി
മഡ്‌കം ഉങ്കി (കമല) എന്ന മാവോയിസ്റ്റ് നേതാവിനെയാണ് ഭോപ്പാല്‍പട്ടണം മേഖലയില്‍ നിന്ന് എന്‍ഐഎ സംഘം പിടികൂടിയത്. കമലയെ ജഗദല്‍പൂരിലെ എന്‍ഐഎ പ്രത്യേക കോടതിയില്‍ ഹാജരാക്കി
ബിജാപൂരിലെ തെക്കല്‍ഗുഡിയം എന്ന ഗ്രാമത്തിന് സമീപം പൊലീസിനും സുരക്ഷ സേനയ്‌ക്കും നേരെ ആയുധവുമായി എത്തിയ സിപിഐ (മാവോയിസ്റ്റ്) സംഘം ആക്രമണം നടത്തുകയായിരുന്നു. സംഭവത്തില്‍ 22 പൊലീസുകാര്‍ കൊല്ലപ്പെടുകയും 30ലധികം ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. ടാരെം പൊലീസ് ആദ്യം രജിസ്റ്റര്‍ ചെയ്‌ത കേസ് പിന്നീട് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു.
ഭോപ്പാല്‍പട്ടണം മേഖലയില്‍ ഒരു വനിത മാവോയിസ്റ്റ് നേതാവ് ഒളിച്ചിരിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് എന്‍ഐഎ സംഘം പ്രദേശത്ത് തെരച്ചില്‍ നടത്തിയത്. റായ്‌പൂരില്‍ നിന്നുള്ള എന്‍ഐഎ സംഘമാണ് കമലയെ പിടികൂടിയത്. കമലയെ ജഗദല്‍പൂരിലെ എന്‍ഐഎ പ്രത്യേക കോടതിയില്‍ ഹാജരാക്കി. കൂടുതല്‍ അന്വേഷണം നടക്കുന്നതായി എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു.