ന്യൂഡൽഹി:കടൽ മാർഗം ആയുധവും ലഹരിമരുന്നും കടത്തിയ സംഭവത്തിൽ ശ്രീലങ്കൻ പൗരനെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. അരശരതിനം രമേഷ് (37) എന്ന എ. രമേഷാണ് പിടിയിലായത്. ഇയാൾക്ക് വിഴിഞ്ഞം ആയുധക്കടത്ത് കേസുമായി ബന്ധമുള്ളതായി എൻഐഎ അറിയിച്ചു.
എറണാകുളം ജില്ലയിൽ ഒരു വാടകക്കെട്ടിടത്തിലാണ് പ്രതി ഒളിവിൽ കഴിഞ്ഞിരുന്നത്. ഇവിടെ നടത്തിയ പരിശോധനയിൽ മയക്കുമരുന്നിന്‍റെയും ആയുധങ്ങളുടെയും ഇടപാടുകൾ സംബന്ധിച്ച രേഖകൾ എൻഐഎ പിടിച്ചെടുത്തിരുന്നു. ഇയാളെ ബുധനാഴ്‌ച എറണാകുളത്തെ പ്രത്യേക എൻഐഎ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ALSO READ:ഐഎസ് റിക്രൂട്ട്‍മെന്‍റ് കേസ്; മൂന്ന് മലയാളികൾക്കെതിരെ കുറ്റപത്രം
പാകിസ്ഥാനിൽ നിന്നും ശ്രീലങ്കയിലേക്ക് ലഹരിമരുന്നും അനധികൃത ആയുധങ്ങളും വെടിക്കോപ്പുകളും കടത്തുന്നതിനിടെ കഴിഞ്ഞ ഏപ്രിൽ അഞ്ചിനാണ് ശ്രീലങ്കൻ മത്സ്യബന്ധന ബോട്ടുൾപ്പെടെ തീരസംരക്ഷണ സേനയുടെ പിടിയിലാകുന്നത്. ബോട്ടിലുണ്ടായിരുന്ന ശ്രീലങ്കൻ പൗരരെയും കസ്റ്റഡിയിലെടുത്തിരുന്നു. ഇവരുടെ പക്കൽ നിന്നും വൻതോതിൽ മയക്കുമരുന്നും അഞ്ച് എകെ-47 തോക്കുകളും 1,000 9-എംഎം വെടിയുണ്ടകളും പിടിച്ചെടുത്തു. തുടർന്ന് വിഴിഞ്ഞം പൊലീസ് രജിസ്റ്റർ ചെയ്‌ത കേസ് എൻഐഎ ഏറ്റെടുത്തു.
2021 ഓഗസ്റ്റ് രണ്ടിന് സമാന കേസിലെ രണ്ട് പ്രതികളെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണത്തിൽ നേരത്തെ അറസ്റ്റിലായ സുരേഷ് രാജ് എന്ന പ്രതിയുടെ സഹോദരനാണ് ഇവരിലൊരാളെന്നും ആയുധക്കടത്തിൽ ഇവരും പങ്കാളികളാണെന്നും കണ്ടെത്തി.