കേരളം

kerala

ETV Bharat / bharat

അതിഖ് അഹമ്മദിന്‍റെ കൊലപാതകം: യുപി പൊലീസിനോട് വിശദീകരണം തേടി ദേശീയ മനുഷ്യാവകാശ കമ്മിഷൻ

യുപി ഡയറക്‌ടർ ജനറൽ ഓഫ് പൊലീസ്, പ്രയാഗ്‌രാജ് പൊലീസ് കമ്മിഷണർ എന്നിവർക്കാണ് മനുഷ്യാവകാശ കമ്മിഷൻ നോട്ടീസ് അയച്ചത്

അതിഖ് അഹമ്മദിന്‍റെ കൊലപാതകം  അതിഖ് അഹമ്മദ്  അതിഖ് അഹമ്മദിന്‍റെ കൊലപാതകം  NHRC issues notice to UP Police  ഷൈസ്‌ത പർവീണ്‍  അഷ്‌റഫ്  അതിഖ്  ദേശീയ മനുഷ്യാവകാശ കമ്മീഷൻ  മനുഷ്യാവകാശ കമ്മീഷൻ  ഷൈസ്‌ത പർവീണിനായി തെരച്ചിൽ  atiq ahmad  killing of atiq ahmad
അതിഖ് അഹമ്മദ്

By

Published : Apr 18, 2023, 8:21 PM IST

ന്യൂഡൽഹി: അതിഖ് അഹമ്മദിനെയും സഹോദരൻ അഷ്‌റഫിനെയും വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ ഉത്തർ പ്രദേശ് പൊലീസിന് നോട്ടിസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മിഷൻ. ഉത്തർ പ്രദേശ് ഡയറക്‌ടർ ജനറൽ ഓഫ് പൊലീസ്, പ്രയാഗ്‌രാജ് പൊലീസ് കമ്മിഷണർ എന്നിവർക്കാണ് മനുഷ്യാവകാശ കമ്മിഷൻ നോട്ടീസ് അയച്ചത്. നാല് ആഴ്‌ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും നോട്ടിസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കൊലപാതകത്തിലേക്ക് നയിച്ച വശങ്ങൾ, മരിച്ചയാളുടെ മെഡിക്കൽ-ലീഗൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ഇൻക്വസ്റ്റ് റിപ്പോർട്ട്, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, പോസ്റ്റ്‌മോർട്ടം പരിശോധനയുടെ വീഡിയോ കാസറ്റ്/സിഡി, കുറ്റകൃത്യം നടന്ന സ്ഥലത്തിന്‍റെ സൈറ്റ് പ്ലാൻ, മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ട് എന്നിവയും റിപ്പോർട്ടിൽ ഉൾപ്പെടുത്തണമെന്നും മനുഷ്യാവകാശ കമ്മിഷൻ നോട്ടിസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ശനിയാഴ്‌ച രാത്രി പ്രയാഗ്‌രാജിലെ മെഡിക്കൽ കോളജിലേക്ക് പരിശോധനയ്‌ക്കായി കൊണ്ടുപോകുമ്പോഴാണ് അതിഖ് അഹമ്മദും, സഹോദരൻ അഷ്‌റഫും വെടിയേറ്റ് കൊല്ലപ്പെടുന്നത്. മാധ്യമ പ്രവർത്തകരെന്ന വ്യാജേന സ്ഥലത്തെത്തിയ പ്രതികൾ അതിഖിനും, അഷ്‌റഫിനും നേരെ പോയിന്‍റ് ബ്ലാങ്കിൽ വെടിയുതിർക്കുകയായിരുന്നു.

നേരത്തെ ഏപ്രിൽ 13ന് ഝാൻസിയിൽ നടന്ന എൻകൗണ്ടറിൽ അതിഖിന്‍റെ മകൻ അസദിനെയും പൊലീസ് കൊലപ്പെടുത്തിയിരുന്നു. അസദിന്‍റെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ അതിഖിനെ പൊലീസ് അനുവദിച്ചിരുന്നില്ല. വൈദ്യപരിശോധനക്കായി പോകുമ്പോൾ മകന്‍റെ മരണം സംബന്ധിച്ച് മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് അതിഖിനും സഹോദരനും വെടിയേൽക്കുന്നത്.

അതിഖ് അഹമ്മദിന് എട്ട് തവണ വെടിയേറ്റുവെന്നാണ് റിപ്പോർട്ട്. തലയിലും കഴുത്തിലും നെഞ്ചിലും വെടിയുണ്ടകള്‍ തറച്ചുകയറിയെന്നാണ് പ്രാഥമിക പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്‌തമാക്കുന്നത്. അതിഖ് അഹമ്മദിന്‍റെ സഹോദരന്‍ അഷറഫിന്‍റെ ശരീരത്തില്‍ മൂന്ന് ബുള്ളറ്റുകളായിരുന്നു തുളച്ച് കയറിയിരുന്നത്.

ഷൈസ്‌ത പർവീണിനായി തെരച്ചിൽ: അതേസമയം ഒളിവിൽ പോയ അതിഖ് അഹമ്മദിന്‍റെ ഭാര്യ ഷൈസ്‌ത പർവീണിനായി പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. 53 ദിവസത്തോളമായിട്ടും ഷൈസ്‌തയെ പിടികൂടാനാകാത്തതിനാൽ സംസ്ഥാനത്തൊട്ടാകെ പ്രത്യേക ടീമുകളായി തിരിഞ്ഞാണ് പൊലീസ് സംഘം തെരച്ചിൽ നടത്തുന്നത്. ഷൈസ്‌തയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 50,000 രൂപയുടെ പാരിതോഷികവും പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഉമേഷ് പാൽ വധക്കേസിന്‍റെ ഗൂഢാലോചനയിൽ ഷൈസ്‌ത പർവീണും ഭാഗമായിരുന്നു. ഇതിന് പിന്നാലെയാണ് ഷൈസ്‌ത ഒളിവിൽ പോയത്. ഉമേഷ് പാലിന്‍റെ ഭാര്യ ജയപാൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അതിഖ് അഹമ്മദ്, സഹോദരൻ അഷ്‌റഫ്, ഭാര്യ ഷൈസ്‌ത പർവീൺ, രണ്ട് ആൺമക്കൾ, സഹായികളായ ഗുഡ്ഡു മുസ്ലീം, ഷൂട്ടർ ഗുലാം തുടങ്ങി ഒമ്പത് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.​

ഇതിന് പിന്നാലെ ഇവരെ പിടികൂടാൻ പൊലീസ് ഊർജിതമായ ശ്രമങ്ങളാണ് നടത്തുന്നത്. മകൻ അസദിന്‍റെയോ, ഭർത്താവ് അതിഖിന്‍റെയോ സംസ്‌കാര ചടങ്ങിന് ഷൈസ്‌ത എത്തുമെന്നും അപ്പോൾ പിടികൂടാമെന്നുമായിരുന്നു പൊലീസിന്‍റെ കണക്കുകൂട്ടൽ. എന്നാൽ ഈ രണ്ട് ചടങ്ങുകൾക്കും ഷൈസ്‌ത എത്തിയിരുന്നില്ല.

അതിഖിന്‍റെയും സഹോദരന്‍റെയും മൃതദേഹങ്ങള്‍ കസാരി മസാരി ഖബര്‍സ്ഥാനിലാണ് അടക്കം ചെയ്‌തത്. ഇതേ സ്ഥലത്ത് തന്നെയാണ് കൊല്ലപ്പെട്ട അതിഖിന്‍റെ മകനെയും അടക്കം ചെയ്‌തിട്ടുള്ളത്. അതിഖിന്‍റെ പ്രായപൂർത്തിയാകാത്ത രണ്ട് മക്കളെയും ജുവനൈൽ ഹോമിൽ നിന്നും സ്ഥലത്ത് എത്തിച്ചിരുന്നു. ഇവരുടെ സാന്നിധ്യത്തിലായിരുന്നു സംസ്‌കാരം.

ALSO READ:ഷൈസ്‌ത പർവീണ്‍ ഒളിവിൽ തന്നെ; അന്വേഷണം ഊർജിതമാക്കി പൊലീസ്, കണ്ടെത്തുന്നവർക്ക് 50,000 പാരിതോഷികം

ABOUT THE AUTHOR

...view details