ന്യൂഡൽഹി:കാബൂളിൽ കുടുങ്ങിയ ന്യൂനപക്ഷ വിഭാഗക്കാരായ ഹിന്ദു, സിഖ് സമുദായക്കാരെ എത്രയും വേഗം രാജ്യത്തേക്ക് തിരികെയെത്തിക്കാൻ ആവശ്യപ്പെട്ട് ഇന്ത്യ വേൾഡ് ഫോറവും (India world forum (IWF)) മറ്റ് സന്നദ്ധ സംഘടനകളും (NGO) പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രാലയത്തിലെ (Ministry of External Affairs (MEA)) മുതിർന്ന ഉദ്യോഗസ്ഥർക്കും കത്തയച്ചു.
അഫ്‌ഗാനിൽ താലിബാൻ ഭരണം കൈയേറിയതോടെ ഇവിടെ അകപ്പെട്ടുപോയ ഇന്ത്യൻ പൗരരും അഫ്‌ഗാൻ പൗരരും തങ്ങളെ തിരികെയെത്തിക്കാൻ ആവശ്യപ്പെട്ട് സിഖ് നേതാക്കളെയും ഗുരുദ്വാര ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകളെെയും ബന്ധപ്പെട്ടിരുന്നതായി ഡൽഹി സിഖ് ഗുരുദ്വാര മാനേജ്മെന്‍റ് കമ്മിറ്റി (DSGPC) മുൻ പ്രസിഡന്‍റ് മൻജിത് സിങ് കത്തിലൂടെ അറിയിച്ചു.
ALSO READ:ന്യൂനപക്ഷങ്ങളോടുള്ള ആക്രമണം അവസാനിപ്പിക്കണം; അമിത് ഷായെ വിമർശിച്ച് കപിൽ
വിസ കാലാവധി ഉണ്ടായിരുന്നിട്ടും മുമ്പ് ഇന്ത്യയിൽ യാത്ര ചെയ്‌തവരായിരുന്നിട്ടും, ഇതുവരെ ഇ-വിസ സ്വീകരിച്ചിട്ടില്ലെന്ന കാരണത്താൽ ഇവരിൽ ഭൂരിഭാഗം പേർക്കും ഇന്ത്യയിലേക്കുള്ള യാത്ര നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സ്‌ത്രീകളും കുട്ടികളും ഉൾപ്പെടെ ഏകദേശം 100 ഇന്ത്യൻ പൗരരും ഇന്ത്യൻ വംശജരായ 222 അഫ്‌ഗാൻ പൗരരും കേന്ദ്രസർക്കാരിൽ നിന്ന് സഹായം തേടുന്നതായി കത്തിൽ പറയുന്നു.
മുമ്പ് അഫ്‌ഗാനിൽ നിന്നുള്ളവർക്ക് മൂന്ന് വർഷത്തേക്ക് സാധുതയുള്ള വിസ ഇന്ത്യൻ എംബസി അനുവദിച്ചിരുന്നു. എന്നാൽ താലിബാൻ സൃഷ്‌ടിച്ച പ്രക്ഷുബ്‌ധത മൂലം ഓഗസ്റ്റ് 25ന് കേന്ദ്ര സർക്കാർ എല്ലാ വിസകളും റദ്ദാക്കുകയും പുതുതായി ഇ-വിസ സ്വീകരിച്ചവർക്ക് രാജ്യത്തേക്ക് പ്രവേശിക്കാമെന്ന് പ്രഖ്യാപിക്കുകയും ചെയ്‌തു.
ഇതോടെ സെപ്‌റ്റംബർ 12ന് ഹിന്ദു, സിഖ് സമുദായാംഗങ്ങൾ ഇ-വിസയ്‌ക്കായി അപേക്ഷിച്ചു. എന്നാൽ സമർപ്പിച്ച 208 അപേക്ഷകളിലും കേന്ദ്രസർക്കാർ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും എത്രയും വേഗം ഈ വിഭാഗക്കാരെ ഇന്ത്യലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തണമെന്നും കത്തിൽ പറയുന്നു.