പൂനെ :2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള, പ്രതിപക്ഷ പാർട്ടികളുടെ അടുത്ത യോഗം ജൂലൈ 13 - 14 തിയതികളിൽ നടക്കുമെന്ന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) നേതാവ് ശരദ് പവാർ. കർണാടകയുടെ തലസ്ഥാനമായ ബെംഗളൂരുവിലാണ് ഈ യോഗം നടക്കുക. 17 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ ജൂൺ 23ന് പട്‌നയിൽ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ വസതിയിൽ ആദ്യയോഗം ചേർന്നിരുന്നു.
പ്രതിപക്ഷ പാർട്ടികളുടെ രണ്ടാമത്തെ യോഗം ഹിമാചൽ പ്രദേശിലെ ഷിംലയിൽ നടക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖാർഗെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഈ യോഗം നടക്കുന്നതിന് മുന്‍പായാണ് പവാര്‍ പുതിയ സ്ഥലവും തിയതിയും പ്രഖ്യാപിച്ചത്. 'പ്രതിപക്ഷ പാർട്ടികളുടെ അടുത്ത യോഗം ജൂലൈ 13 - 14 തിയതികളിൽ ബെംഗളൂരുവിൽ ചേരും. പട്‌നയിൽ നടന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി അസ്വസ്ഥനായിട്ടുണ്ട്' - പവാര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
ഉറച്ച ശബ്‌ദവുമായി പ്രതിപക്ഷ യോഗം:ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപിക്ക് എതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിനായി ഒറ്റക്കെട്ടായി നില്‍ക്കാന്‍ പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത യോഗത്തില്‍ തീരുമാനമായി. ജൂണ്‍ 23ന് ബിഹാറിലെ പട്‌നയില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഭിന്നതകൾ മറന്ന് ഒന്നിച്ച് നില്‍ക്കാനും ലോക്‌സഭ തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാനും തീരുമാനമെടുത്തത്.
READ MORE |'ഒറ്റക്കെട്ട്, മോദിക്ക് എതിരെ ഒന്നിച്ച് പോരാടും' ; ബിജെപിയുടെ ഏകാധിപത്യത്തെ ചെറുത്തുതോല്‍പ്പിക്കുമെന്ന് ബിഹാർ പ്രഖ്യാപനം
ഓരോ സംസ്ഥാനത്തെയും സാഹചര്യത്തിന് അനുസരിച്ച് കാര്യങ്ങൾ തീരുമാനിക്കാമെന്നാണ് യോഗത്തിലെ ധാരണ. 23ാം തിയതി ഉച്ചതിരിഞ്ഞ് അവസാനിച്ച യോഗത്തിന് ശേഷം പ്രതിപക്ഷ നേതാക്കള്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. ചെറിയ വിയോജിപ്പുകൾക്കിടയിലും ഒന്നിച്ചുനില്‍ക്കുമെന്ന് നേതാക്കൾ വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
'എല്ലാ പ്രതിപക്ഷ നേതാക്കളും ഒറ്റക്കെട്ടാണ്. അടുത്തതായി ഹിമാചൽ പ്രദേശിലെ ഷിംലയിൽ യോഗം ചേരും. അവിടെ അജണ്ട തയ്യാറാക്കും' - ഇങ്ങനെയായിരുന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അടുത്ത യോഗത്തെക്കുറിച്ച് ജൂണ്‍ 23ന് പറഞ്ഞത്. യോഗം നല്ലരീതിയില്‍ അവസാനിച്ചുവെന്നും കുറച്ചുദിവസങ്ങള്‍ക്ക് ശേഷം നടക്കുന്ന അടുത്ത യോഗം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ സംഘടിപ്പിക്കുമെന്നും പ്രതിപക്ഷ ഐക്യത്തിനായി അക്ഷീണം പ്രയത്നിച്ച ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും അറിയിച്ചിരുന്നു. എന്നാല്‍, ഇതെല്ലാം തള്ളിക്കളയുന്നതാണ് പവാറിന്‍റെ ഇന്നത്തെ പ്രഖ്യാപനം.
ALSO READ |Opposition meeting | പ്രതിപക്ഷ യോഗത്തിന് 'കല്ലുകടി'യായി കോണ്‍ഗ്രസിന്‍റെ വിയോജിപ്പ് ; മുന്നറിയിപ്പുമായി എഎപി
സമ്മര്‍ദ തന്ത്രവുമായി കെജ്‌രിവാള്‍, ഒടുവില്‍ :ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ പട്‌നയിൽ പ്രതിപക്ഷ യോഗം ചേരുന്നതിന് മുന്‍പ്, ഐക്യ ശ്രമത്തില്‍ ഭിന്നിപ്പെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. കേന്ദ്രത്തിന്‍റെ വിവാദ ഓർഡിനൻസിനെതിരെ കോൺഗ്രസ്, എഎപിയെ പിന്തുണച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ യോഗം ആം ആദ്‌മി പാർട്ടി ഒഴിവാക്കിയേക്കുമെന്നായിരുന്നു ഈ റിപ്പോര്‍ട്ട്. എന്നാല്‍, റിപ്പോര്‍ട്ടുകള്‍ തള്ളി കെജ്‌രിവാള്‍ 23ന് നടന്ന യോഗത്തില്‍ പങ്കെടുത്തു. വിവാദ ഓര്‍ഡിന്‍സ് സംബന്ധിച്ച് കെജ്‌രിവാള്‍ യോഗത്തില്‍ സൂചിപ്പിച്ചപ്പോള്‍ അക്കാര്യം പിന്നീട് ചര്‍ച്ചയ്‌ക്കെടുക്കാമെന്ന് ഖാര്‍ഗെ മറുപടി നല്‍കിയിരുന്നു.