ന്യൂഡല്‍ഹി : ന്യൂസ് ക്ലിക്ക് (NewsClick) സ്ഥാപകന്‍ പ്രബീര്‍ പുര്‍കായസ്‌തയും (Prabir Purkayastha) എച്ച്ആര്‍ മേധാവി അമിത് ചക്രവര്‍ത്തിയും (Amit Chakravarty) സുപ്രീം കോടതിയില്‍. തങ്ങള്‍ക്കെതിരായ യുഎപിഎ കേസില്‍ ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈക്കോടതി വിധി ചോദ്യം ചെയ്‌തുകൊണ്ടാണ് ഇരുവരും സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. അറസ്റ്റ് ചോദ്യം ചെയ്‌തുകൊണ്ട് ഇരുവരും നല്‍കിയ ഹര്‍ജി ഒക്ടോബര്‍ 13ന് ഡല്‍ഹി ഹൈക്കോടതി (Delhi High Court) തള്ളിയിരുന്നു.
ന്യായമായിട്ടാണ് ഇരുവരെയും അറസ്റ്റ് ചെയ്‌തതെന്നും കാരണം കാണിക്കേണ്ട ആവശ്യം ഇല്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഡല്‍ഹി ഹൈക്കോടതി ഹര്‍ജി തള്ളിയത്. ഈ സാഹചര്യത്തിലാണ് ഇരുവരും സുപ്രീം കോടതിയെ സമീപിച്ചത്.
മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ (Kapil Sibal) ആണ് ന്യൂസ് ക്ലിക്ക് എഡിറ്ററും എച്ച്ആര്‍ മേധാവിയും ഉള്‍പ്പെട്ട വിഷയം സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. വിഷയം ഉടന്‍ തന്നെ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അഭിഭാഷകനെ അറിയിച്ചു. അതേസമയം, കേസ് എന്നാണ് പരിഗണിക്കുന്നത് എന്നതില്‍ ഇതുവരെ വ്യക്തതകള്‍ ഒന്നും ലഭിച്ചിട്ടില്ല.
റിമാന്‍ഡില്‍ കഴിയുന്ന ന്യൂസ് ക്ലിക്ക് സ്ഥാപകനും എഡിറ്ററുമായ പ്രബീര്‍ പുര്‍കായസ്‌തയേയും എച്ച്ആര്‍ മേധാവി അമിത് ചക്രവര്‍ത്തിയേയും ഇക്കഴിഞ്ഞ ഒക്ടോബര്‍ മൂന്നിനായിരുന്നു ഡല്‍ഹി പൊലീസ് യുഎപിഎ കേസില്‍ അറസ്റ്റ് ചെയ്‌തത്. ഓണ്‍ലൈന്‍ മാധ്യമ സ്ഥാപനമായ ന്യൂസ് ക്ലിക്ക് ചൈനയില്‍ നിന്നും ധനസഹായം സ്വീകരിക്കുന്നുവെന്ന ആരോപണത്തിന് പിന്നാലെ ഓഫിസിലും ജീവനക്കാരുടെ വീടുകളിലും പൊലീസ് പരിശോധന നടത്തിയതിന് പിന്നാലെയായിരുന്നു നടപടി. കൂടാതെ സ്ഥാപനത്തിനായി ലേഖനങ്ങള്‍ എഴുതുന്ന പ്രമുഖരുടെ വീടുകളിലും പൊലീസ് റെയ്‌ഡ് നടത്തി.
ജീവനക്കാരില്‍ നിന്നും മറ്റും ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍, സുപ്രധാനമായ ചില രേഖകള്‍ എന്നിവയും പൊലീസ് പരിശോധനയില്‍ കസ്റ്റഡിയിലെടുത്തു. കേസുമായി ബന്ധപ്പെട്ട് ഒരു ദിവസം 30 സ്ഥലങ്ങളിലായിരുന്നു പൊലീസ് പരിശോധന നടത്തിയത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വസതിയിലും പൊലീസ് പരിശോധന നടത്തിയിരുന്നു.
ഡല്‍ഹിയിലെ വസതിയില്‍ സീതാറാം യെച്ചൂരി ന്യൂസ് ക്ലിക്ക് പ്രതിനിധിയെ താമസിപ്പിച്ചിരുന്നു എന്ന വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഇവിടെ പരിശോധന നടന്നത്. കേസുമായി ബന്ധപ്പെട്ട് ആകെ 46 പേരെയാണ് ചോദ്യം ചെയ്‌തിരുന്നതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
Also Read:NewsClick CBI FCRA ന്യൂസ് ക്ലിക്കിന് നേരെ സിബിഐയും, പ്രബീർ പുർകയസ്‌തയുടെ വീട്ടിലും ഓഫീസിലും സിബിഐ റെയ്‌ഡ്