കേരളം

kerala

ETV Bharat / bharat

News Click Delhi Police Raid ചൈനീസ് ഫണ്ട് ആരോപണം, ഡല്‍ഹിയില്‍ വൻ റെയ്‌ഡ് - News Click Delhi Police Raid

സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരിയുടെ വീട്ടില്‍ അടക്കമാണ് റെയ്‌ഡ് നടക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

News Click Delhi Police Raid
ചൈനീസ് ഫണ്ട് ആരോപണം, ഡല്‍ഹിയില്‍ വൻ റെയ്‌ഡ്

By ETV Bharat Kerala Team

Published : Oct 3, 2023, 10:37 AM IST

Updated : Oct 3, 2023, 11:26 AM IST

ന്യൂഡല്‍ഹി: മാധ്യമപ്രവർത്തകരുടെ വീടുകളില്‍ അടക്കം വൻ റെയ്‌ഡുമായി ഡല്‍ഹി പൊലീസ്. ചൈനീസ് ഫണ്ട് കിട്ടുന്നുവെന്ന ആരോപണത്തിന്‍റെ പേരില്‍ ഓൺലൈൻ മാധ്യമസ്ഥാപനമായ ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട മുപ്പത് സ്ഥലങ്ങളിലാണ് റെയ്‌ഡ് നടക്കുന്നത്. മാധ്യമപ്രവർത്തകരുടെ വീടുകളിലെത്തിയ പൊലീസ് ഫോൺ ലാപ്‌ടോപ് എന്നിവടയക്കം പിടിച്ചെടുത്തിട്ടുണ്ട്.

സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരിയുടെ വീട്ടില്‍ അടക്കമാണ് റെയ്‌ഡ് നടക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാല്‍ ഇതുവരെയും ആരുടേയും അറസ്റ്റ് രേഖപ്പെടുത്തിയതായി റിപ്പോർട്ടില്ല. ഡല്‍ഹി പൊലീസിന്‍റെ സ്പെഷ്യല്‍ സെല്ലാണ് റെയ്‌ഡ് നടത്തുന്നത്.

നേരത്തെ എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് ഇതേ വിഷയത്തില്‍ ഓൺലൈൻ പോർട്ടലായ ന്യൂസ് ക്ലിക്കിന്‍റെ ഓഫീസുകളില്‍ റെയ്‌ഡ് നടത്തിയിരുന്നു. ഇത്തവണ ന്യൂസ് ക്ലിക്കിന്‍റെ ഓഫീസുകളില്‍ മാത്രമല്ല, മാധ്യമപ്രവർത്തകരുടെ വീടുകളിലും ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എഴുത്തുകാരുടെ വീടുകളിലും റെയ്‌ഡ് നടത്തുന്നുണ്ട്.

അനധികൃത വിദേശ ഫണ്ടിങ് കേസില്‍ കഴിഞ്ഞ ആഗസ്റ്റില്‍ ന്യൂസ് ക്ലിക്ക് സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബിർ പുർകയസ്ഥയുടെ അറസ്റ്റില്‍ ഇടക്കാല സംരക്ഷണം കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹി ഹൈക്കോടതി സിറ്റി പൊലീസിന്‍റെ നിലപാട് തേടിയിരുന്നു. ഇന്ത്യ വിരുദ്ധ അജണ്ടയുമായി ബന്ധപ്പെട്ട് വിദേശത്ത് നിന്ന് പണം വാങ്ങിയെന്നാണ് ന്യൂസ് ക്ലിക്ക് നേരിടുന്ന പ്രധാന ആരോപണം.

അതേസമയം റെയ്‌ഡില്‍ പ്രതികരിച്ച് പ്രസ്ക്ലബ് ഓഫ് ഇന്ത്യ രംഗത്ത് എത്തിയിട്ടുണ്ട്. മാധ്യമപ്രവർത്തകരുടേയും എഴുത്തുകാരുടേയും വീടുകളില്‍ നടക്കുന്ന റെയ്‌ഡില്‍ പ്രസ്‌ക്ലബ് ഓഫ് ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു. സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രസ്ക്ലബ് ഓഫ് ഇന്ത്യ എക്‌സില്‍ (ട്വിറ്റർ) അഭിപ്രായം രേഖപ്പെടുത്തി.

മുതിർന്ന മാധ്യമപ്രവർത്തകരായ അഭിസാർ ശർമ, ഭാഷാ സിങ് എന്നിവർ ഇന്ന് രാവിലെ തങ്ങളുടെ വീട്ടില്‍ ഡല്‍ഹി പൊലീസ് എത്തിയെന്നും ലാപ്‌ടോപ്പും മൊബൈല്‍ ഫോണും പിടിച്ചെടുത്തതായും എക്‌സില്‍ പോസ്റ്റ് ചെയ്‌തിരുന്നു.

Last Updated : Oct 3, 2023, 11:26 AM IST

ABOUT THE AUTHOR

...view details