തുംകുർ : കർണാടകയിൽ അന്ധവിശ്വാസത്തെ കൂട്ട് പിടിച്ച് നവജാത ശിശുവിനോട് കൊടും ക്രൂരത. അശുഭ സമയത്ത് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയെന്ന കാരണത്താൽ നാട് കടത്തിയ യുവതിയുടെ നവജാത ശിശു മരിച്ചു. തുംകുർ ജില്ലയിൽ സുതക് (ഹിന്ദു വിശ്വാസമനുസരിച്ച് ചിലർ അശുഭകാലമായി വിശ്വസിക്കുന്നു) സമയത്ത് ഇരട്ട കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ യുവതിയെ ദോഷങ്ങൾ ഒഴിവാക്കാൻ അവരുടെ കുടുംബം തന്നെ ഗ്രാമത്തിൽ നിന്ന് താത്‌കാലികമായി പുറത്താക്കിയിരുന്നു.
ശേഷം ജില്ലയിലെ തന്നെ ഒരു പ്രാന്തപ്രദേശത്ത് കുടിൽ കെട്ടിയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യുവതി കുഞ്ഞുമായി കഴിഞ്ഞിരുന്നത്. മല്ലേനഹള്ളി ഗൊല്ലർഹട്ടി ഗ്രാമവാസിയായ യുവതി രണ്ടാഴ്‌ച മുൻപാണ് ഇരട്ട കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. ഒരു ആൺകുഞ്ഞും ഒരു പെൺകുഞ്ഞുമായിരുന്നു പിറന്നത്.
ഇതിൽ ആൺകുഞ്ഞ് ജനിച്ച ഉടൻ തന്നെ മരിച്ചു. തുടർന്ന് സുതക് വിശ്വാസപ്രകാരം ദോഷങ്ങൾ ഒഴിവാക്കാൻ ഗ്രാമത്തിന് പുറത്ത് രണ്ട് മാസമെങ്കിലും ഒറ്റയ്‌ക്ക് താമസിക്കാൻ യുവതി നിർബന്ധിതയായി. കുടിലിൽ കുഞ്ഞുമായി തനിച്ച് താമസിച്ചുവരികെ കുഞ്ഞിന് ജലദോഷവും ചുമയും ബാധിച്ചു.
Also Read :3 വയസുകാരനെ നരബലി നടത്തി ബന്ധു; ക്രൂരകൃത്യം ആൺകുഞ്ഞ് ജനിക്കാൻ വേണ്ടി
നവജാത ശിശുവിനെ ചികിത്സയ്‌ക്കായി ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഐസിയുവിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. കടുഗൊല്ല സമുദായത്തിൽപ്പെട്ടയാളാണ് യുവതി. ഹിന്ദു ആചാരപ്രകാരം സുതക് അശുഭകാലമായാണ് ഇക്കൂട്ടർ കണക്കാക്കുന്നത്.
ഈ സമയത്ത് ഉണ്ടാകുന്ന മരണവും ജനനവും അത് സംഭവിക്കുന്ന കുടുംബത്തിൽ ദോഷം കൊണ്ടുവരും എന്നാണ് ഇവരുടെ വിശ്വസം. സംഭവത്തെ തുടർന്ന് മല്ലേനഹള്ളി ഗൊല്ലർഹട്ടി ഗ്രാമം സന്ദർശിച്ച തഹസിൽദാറും ആരോഗ്യവകുപ്പും ഇത്തരം അന്ധവിശ്വാസങ്ങൾ ഉപേക്ഷിക്കണമെന്ന് ഗ്രാമവാസികളെ ഉപദേശിച്ചു.
Also Read :ഗില്ലറ്റിൻ ഉപയോഗിച്ച് സ്വയം തല അറുത്ത് ദമ്പതികൾ ; നരബലിയെന്ന് പൊലീസ് നിഗമനം, അന്വേഷണം
ദുരഭിമാനത്തിന്‍റെ പേരിൽ നവജാതശിശുവിനെ കൊലപ്പെടുത്തി : ഇക്കഴിഞ്ഞ മെയ് മാസം ഇടുക്കി കമ്പംമെട്ടില്‍ നവജാതശിശുവിനെ ദുരഭിമാനത്തിന്‍റെ പേരിൽ മാതാപിതാക്കൾ കൊലപ്പെടുത്തിയിരുന്നു. അതിഥി തൊഴിലാളികൾ നവജാത ശിശുവിനെ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത്. ദമ്പതികളെന്ന വ്യാജേന താമസിച്ചിരുന്ന സാധുറാം, മാലതി എന്നിവരെ സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്‌തു.
നവജാത ശിശുവിനെ ശുചിമുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രസവത്തോടെ കുട്ടി മരിച്ചെന്നാണ് ദമ്പതിമാര്‍ നാട്ടുകാരെയും പൊലീസിനെയും അറിയിച്ചിരുന്നത്. എന്നാൽ യുവതിയുടെ പ്രസവത്തെ കുറിച്ച് ആരോഗ്യ പ്രവര്‍ത്തകരോ നാട്ടുകാരോ അറിഞ്ഞിരുന്നില്ല.
തുടർന്ന് പ്രസവത്തിന് ശേഷം ആശുപത്രിയിലെത്തിയ മാലതിയെ പരിശോധിച്ചപ്പോഴാണ് പ്രസവിച്ച കാര്യം പുറത്തറിയുന്നത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ശുചിമുറിയില്‍ നവജാത ശിശുവിനെ മരിച്ച നിലയിലും കണ്ടെത്തി. വിവാഹത്തിന് മുമ്പ് കുട്ടിയുണ്ടായതിന്‍റെ ദുരഭിമാനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം.
Also Read :നവജാതശിശുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മാതാപിതാക്കൾ; ദുരഭിമാനക്കൊലയെന്ന് പൊലീസ്