റാവൽപിണ്ടി : രണ്ടു പതിറ്റാണ്ട് പാകിസ്ഥാൻ പര്യടനത്തിൽ നിന്ന് വിട്ടുനിന്ന ശേഷം മത്സരത്തിനെത്തിയന്യൂസിലൻഡ്ക്രിക്കറ്റ് ടീം ആദ്യ മത്സരത്തിന്‍റെ ടോസിനു തൊട്ടു മുൻപ് പരമ്പരയിൽ നിന്ന് പിൻമാറി. റാവൽപിണ്ടിയിൽ പാകിസ്ഥാനെതിരെ ഒന്നാം ഏകദിനത്തിന് ടോസ് ഇടാൻ മിനിറ്റുകൾ ശേഷിക്കെയാണ് ന്യൂസിലൻഡ് പരമ്പരയിൽ നിന്ന് പിൻമാറിയതായി അറിയിച്ചത്.
സർക്കാർ നൽകിയ സുരക്ഷ മുന്നറിയിപ്പ് അനുസരിച്ചാണ് പിൻമാറ്റമെന്നും താരങ്ങൾ എത്രയും വേഗം പാകിസ്ഥാൻ വിടുമെന്നും ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളും ഉൾപ്പെടുന്ന പരമ്പരക്കായാണ് ന്യൂസിലൻഡ് പാകിസ്ഥാനിലെത്തിയത്.
'പെട്ടന്ന് പര്യടനം ഉപേക്ഷിക്കുന്നത് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് കനത്ത തിരിച്ചടിയാണ് നൽകുന്നത്. ഏറ്റവും മികച്ച രീതിയിലാണ് അവർ വേദികളൊരുക്കിയതും ഞങ്ങളെ ഇവിടെ സ്വീകരിച്ചതും. പക്ഷേ, താരങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് പരമ്പരയിൽ നിന്ന് പിൻമാറുക മാത്രമാണ് പോംവഴി', ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡിന്‍റെ ചീഫ് എക്സിക്യുട്ടീവ് ഡേവിഡ് വൈറ്റ് വ്യക്തമാക്കി.