തിരുവനന്തപുരം:കേന്ദ്രത്തിന്‍റെ ദീപാവലി സമ്മാനമായി കേരളത്തിലേക്ക് വീണ്ടും വന്ദേഭാരത് സർവീസ് നടത്തും. ദീപാവലി തിരക്ക് പരിഗണിച്ചാണ് സ്പെഷ്യൽ ട്രെയിനായി വന്ദേഭാരത് സർവീസ് നടത്താനുള്ള തീരുമാനം റെയിൽവേയെടുത്തത്. കര്‍ണാടകയേയും തമിഴ്‌നാടിനെയും ബന്ധിപ്പിച്ചാണ് സര്‍വീസ് നടത്തുകയെന്നാണ് വിവരം.
സര്‍വീസ് ഇങ്ങനെ:ഇതുപ്രകാരം ചെന്നൈ-ബെംഗളൂരു- എറണാകുളം റൂട്ടിൽ മൂന്നാം വന്ദേ ഭാരത് സർവീസ് നടത്തും. ഇതിനായി ദക്ഷിണ റെയിൽവേയുടെ കൈവശമുള്ള സ്പെയര്‍ റാക്കുകൾ ഉപയോഗിക്കും. വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് എറണാകുളം ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്പെഷൽ സർവീസ് നടത്തുക. രണ്ട് സർവീസ് ചെന്നൈ-ബെംഗളൂരു റൂട്ടിലുമുണ്ടാകും.
നിലവിലുള്ള തീരുമാനപ്രകാരം ബെംഗളൂരുവിൽ നിന്നും പുലർച്ചെ 4.30ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.30ന് എറണാകുളത്ത് എത്തും. തിരികെ ഉച്ചയ്ക്ക് 2ന് പുറപ്പെട്ട് രാത്രി 10.30ന് ബെംഗളൂരുവിലെത്തും. ശനി, ഞായർ ദിവസങ്ങളിലും പുലർച്ചെ 4.30ന് ബെംഗളൂരുവിൽ നിന്നു പുറപ്പെട്ടു ഉച്ചയ്ക്ക് എറണാകുളത്ത് എത്തി മടങ്ങും. അതേസമയം ഞായർ രാത്രി 11.30ന് ബെംഗളൂരുവിൽ നിന്നു ചെന്നൈയിലേക്കു പോകും.
വ്യാഴാഴ്‌ച രാത്രി ചെന്നൈയിൽ നിന്ന് പുറപ്പെട്ടു വെള്ളി പുലർച്ചെ നാലിന് ബെംഗളൂരുവിലെത്തിച്ചേരും. ഏട്ട് കോച്ചുകളാണ് സ്പെഷ്യൽ വന്ദേ ഭാരതിൽ ഉണ്ടാവുക. ചെന്നൈയിലാണ് ട്രെയിന്‍റെ അറ്റകുറ്റപ്പണികൾക്കുള്ള സൗകര്യം ഏർപ്പെടുത്തുക. പുതിയ വന്ദേ ഭാരത് എക്സ്പ്രസിന്‍റെ റൂട്ടും സമയക്രമവും അടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ ദക്ഷിണ റെയില്‍വേയാണ് തയ്യാറാക്കിയത്. അന്തിമാനുമതി ലഭിച്ചാലുടന്‍ സര്‍വ്വീസ് ആരംഭിക്കും.
ഈ വര്‍ഷം ഏപ്രിലിലാണ് കേരളത്തിന് ലഭിച്ച ആദ്യ വന്ദേ ഭാരത് എക്സ് പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് ഫ്ലാഗ് ഓഫ് ചെയ്തത്. തിരുവനന്തപുരം കാസര്‍ഗോഡ് റൂട്ടില്‍ രണ്ടാമത്തെ വന്ദേഭാരത് എക്സ് പ്രസ് സെപ്റ്റംബറില്‍ പ്രധാനമന്ത്രി തന്നെ വിര്‍ച്വലായി ഫ്ലാഗ് ഓഫ് ചെയ്തു. കോട്ടയം വഴിയും ആലപ്പുഴ വഴിയും തിരുവനന്തപുരത്തു നിന്ന് കാസര്‍ഗോട്ടേക്കും തിരിച്ചും സര്‍വ്വീസ് നടത്തുന്ന രണ്ട് വന്ദേഭാരത് ട്രെയിനുകളും ഹൗസ് ഫുള്ളായി ഓടിക്കൊണ്ടിരിക്കുകയാണ്.
Also Read: Cleaning Of Vande Bharat Trains: വൃത്തിയുള്ള വന്ദേ ഭാരത്; ഒക്‌ടോബർ ഒന്നു മുതൽ ട്രെയിനുകളില്‍ '14 മിനിറ്റ് ഓഫ് മിറാക്കിൾ'
രണ്ടാം വന്ദേ ഭാരതും പ്രതിഷേധവും:അടുത്തിടെകേരളത്തിനനുവദിച്ച രണ്ടാം വന്ദേഭാരതിന്‍റെ ഫ്ലാഗ് ഓഫ് ചടങ്ങിൽ നിന്നും കാസര്‍കോട് എംഎൽഎ എൻ എ നെല്ലിക്കുന്ന് ഇറങ്ങിപ്പോയിരുന്നു. കാസർകോട് റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ സംസാരിക്കാൻ അവസരം നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് എംഎല്‍എ ഇറങ്ങിപ്പോയത്. ചടങ്ങിലേക്ക് വിളിച്ചു വരുത്തി അപമാനിക്കുകയായിരുന്നുവെന്ന് എംഎൽഎ വിമര്‍ശനമുന്നയിച്ചിരുന്നു. അതിനിടെ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ബേബി ബാലകൃഷ്‌ണൻ, മുനിസിപ്പൽ ചെയർമാൻ മുനീർ എന്നിവർക്ക് വേദിയിൽ ഇരിപ്പിടം നൽകിയില്ലെന്നും പരാതി ഉയർന്നിരുന്നു. ഡിആർഎം അരുൺ കുമാർ ചതുർവേദിയെ സ്റ്റേജിലെത്തി ഇവർ പ്രതിഷേധം അറിയിക്കുകയായിരുന്നു.
അതേസമയം രണ്ടാമത് കാസർകോട് - തിരുവനന്തപുരം വന്ദേ ഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായാണ് നാടിന് സമർപ്പിച്ചത്. ഒരു നാടിന്‍റെ വികസനത്തിന് യാത്രാസൗകര്യം അത്യന്താപേക്ഷിതമാണെന്നും കൂടുതൽ വേഗത്തിൽ കൂടുതൽ സൗകര്യങ്ങളോടുകൂടിയുള്ള റെയിൽ യാത്രയാണ് സർക്കാർ ലക്ഷ്യം വയ്‌ക്കുന്നതെന്നും പ്രധാനമന്ത്രി ഉദ്‌ഘാടന വേളയില്‍ പറഞ്ഞിരുന്നു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ, സംസ്ഥാന റെയിൽവേ മന്ത്രി വി അബ്‌ദു റഹ്മാൻ, രാജ്മോഹൻ ഉണ്ണിത്താൻ എംപി, പാലക്കാട് ഡിആർഎം അരുൺകുമാർ ചതുർവേദി തുടങ്ങിയവരും ചടങ്ങില്‍ സംസാരിച്ചിരുന്നു.
Also Read: K Surendran On Second Vande Bharat: 'രണ്ടാം വന്ദേഭാരത് ജനങ്ങൾക്ക് അനുഗ്രഹം, കേന്ദ്രം കേരളത്തെ അവഗണിക്കുന്നില്ല': കെ സുരേന്ദ്രൻ