ചെന്നൈ (തമിഴ്‌നാട്) :വന്ദേഭാരത് ട്രെയിനുകള്‍ ഇനി മുതല്‍ കാവി നിറത്തില്‍. പുതിയ ഡിസൈനിലേക്ക് മാറുകയാണ് വന്ദേ ഭാരത് ട്രെയിനുകൾ (vande bharat express). വരാനിരിക്കുന്നവ പുതിയ നിറത്തിലാണ് ട്രാക്കിലൂടെ പായുക. വെള്ള- നീല കോമ്പിനേഷനിൽ നിന്ന് മാറി കാവി- ഗ്രേ- വെള്ള എന്നീ നിറങ്ങൾ ഉൾപ്പെടുത്തിയാണ് പുതിയ ഡിസൈൻ.
ചെന്നൈ സന്ദർശനത്തിനിടെ റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് (railway minister Ashwini Vaishnaw) ഇന്‍റഗ്രൽ കോച്ച് ഫാക്‌ടറിയിൽ (ഐസിഎഫ്) പുതിയ വന്ദേ ഭാരത് ട്രെയിനുകളുടെ നിർമാണം സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി. ഫാക്‌ടറിയിൽ (ICF) നിര്‍മാണത്തിലിരിക്കുന്ന കാവി നിറത്തിലെ വന്ദേ ഭാരത് എക്‌സ്പ്രസ് അദ്ദേഹം പരിശോധിച്ചു. 'ഇന്ത്യൻ ത്രിവർണ പതാകയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ്' ഈ നിറമെന്ന് പരിശോധനയ്‌ക്ക് ശേഷം കേന്ദ്ര മന്ത്രി പറഞ്ഞു. വന്ദേ ഭാരത് എക്‌സ്‌പ്രസിന്‍റെ ഇരുവശത്തും കാവി പെയിന്‍റും വാതിലുകൾക്ക് ഗ്രേ നിറവുമായിരിക്കും നൽകുക.
ഇന്ത്യൻ നിർമിത സെമി-ഹൈ-സ്‌പീഡ് വന്ദേ ഭാരത് എക്‌സ്പ്രസിന്‍റെ (semi-high-speed Vande Bharat Express) 28-ാമത് റാക്ക് 'കാവി' (saffron) നിറത്തിലായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. വന്ദേ ഭാരത് എക്‌സ്‌പ്രസിന്‍റെ ആകെ 25 റാക്കുകൾ നിയുക്ത റൂട്ടുകളിൽ പ്രവർത്തനക്ഷമമാണെന്നും രണ്ടെണ്ണം റിസർവ് ചെയ്‌തിട്ടുണ്ടെന്നും റെയിൽവേ ഉദ്യോഗസ്ഥർ വ്യക്തമാക്കി. 28-ാമത്തെ റാക്കിന്‍റെ നിറം പരീക്ഷണാടിസ്ഥാനത്തിൽ മാറ്റിക്കൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ വിശദീകരിച്ചു.