ന്യൂഡൽഹി:ട്രെയിനുകളില്‍ മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിൽ ഉച്ചത്തിൽ പാട്ടു കേൾക്കുന്നതും ഉറക്കെ സംസാരിക്കുന്നതും നിരോധിച്ച് റെയിൽവേ ഉത്തരവ്. രാത്രി പത്തിന് ശേഷം ലൈറ്റുകളെല്ലാം ഓഫ് ചെയ്യണം. പ്ലഗ് പോയിന്‍റുകളും പ്രവര്‍ത്തിക്കില്ല. ജനറൽ കോച്ചിൽ ഇതു ബാധകമല്ല.
രാത്രി 10 മുതല്‍ രാവിലെ ആറു വരെയാണ് ഉച്ചത്തില്‍ പാട്ടുവയ്ക്കുന്നതും ഉറക്കെ ഫോണില്‍ സംസാരിക്കുന്നതും നിരോധിച്ചിരിക്കുന്നത്. രാത്രി വൈകി കൂട്ടമായി സംസാരിച്ചിരിക്കുന്നതിനും അനുവദിക്കില്ല. ഇത്തരത്തില്‍ ആരെയെങ്കിലും പിടിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കും. യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായി യാത്ര ചെയ്യുന്നതിനാണ് പുതിയ നടപടി.
ALSO READ:വിവാഹ ഘോഷയാത്രക്കിടെ ദലിത് വിഭാഗത്തിന് നേരെ ആക്രമണം; നിരവധി പേർക്ക് പരിക്കേറ്റു
യാത്രക്കാര്‍ക്ക് ഇത്തരത്തില്‍ അസൗകര്യം നേരിട്ടാല്‍ ട്രെയിന്‍ ജീവനക്കാരാകും ഉത്തരവാദികൾ. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ റെയില്‍വേ മന്ത്രാലയത്തിന് ലഭിച്ച പശ്ചാത്തലത്തിലാണ് പുതിയ ചട്ടം. യാത്രക്കാര്‍ യാതൊരു തരത്തിലുമുള്ള ബുദ്ധിമുട്ടുകളോ അസൗകര്യങ്ങളോ നേരിടുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം ആര്.പി.എഫ്, ടിക്കറ്റ് ചെക്കര്‍മാര്‍, കോച്ച് അറ്റന്‍ഡൻറുകള്‍, കാറ്ററിങ് സ്റ്റാഫ് എന്നിവരുള്പ്പെടെയുള്ളവർക്കുണ്ട്.
പ്രശ്നം സൃഷ്ടിക്കുന്നവരോട് മാന്യമായി പെരുമാറാനും അച്ചടക്കം പാലിക്കാനും ഇവർക്ക് ആവശ്യപ്പെടാം. റെയിൽവേ നടത്തിയ ബോധവത്കരണ സ്‌പെഷ്യൽ ഡ്രൈവിൽ ഇയർഫോണില്ലാതെ പാട്ട് കേൾക്കുകയോ ഫോണിൽ ഉച്ചത്തിൽ സംസാരിക്കുകയോ ചെയ്യാതിരിക്കാനും മര്യാദകൾ പാലിക്കാനും ജീവനക്കാർ യാത്രക്കാരെ ഉപദേശിച്ചു.