ചെന്നൈ: തമിഴ്‌നാട്ടില്‍ ബിജെപിക്ക് പുതിയ മുഖം. ഐപിഎസ് ജോലി രാജിവെച്ച് രാഷ്ട്രീയത്തിലെത്തിയ കെ അണ്ണാമലൈ തമിഴ്‌നാട് ബിജെപി അധ്യക്ഷനായി ജൂലൈ 16ന് ചുമതലയേല്‍ക്കും.
രണ്ടാം മോദി സർക്കാരിന്‍റെ ഒന്നാം പുനഃസംഘടനയുടെ ഭാഗമായി കേന്ദ്ര മത്സ്യബന്ധന, മൃഗസംരക്ഷണ സഹമന്ത്രിയായി അധികാരമേറ്റ ലോകനാഥൻ മുരുകന്‍റെ പകരക്കാരനായാണ് അണ്ണാമലൈ സ്ഥാനമേൽക്കുന്നത്. തമിഴ്‌നാട്ടില്‍ ബിജെപിയെ ശക്തമാക്കുക എന്നതാണ് അണ്ണാമലൈയുടെ പ്രധാന ദൗത്യം.
തമിഴ്‌നാട്ടില്‍ അധികാരത്തിലെത്തും
ശക്തമായ പ്രത്യയശാസ്‌ത്ര അടിത്തറയുള്ള ഒരേയൊരു രാഷ്‌ട്രീയ പാർട്ടിയാണ് ബിജെപിയെന്നും സമീപഭാവിയിൽ പാർട്ടി തമിഴ്‌നാട്ടിൽ അധികാരം പിടിച്ചെടുക്കുമെന്നും അണ്ണാമലൈ തിരുപ്പൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Also Read:കടകള്‍ തുറക്കുന്ന കാര്യത്തില്‍ സർക്കാർ നയപരമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി
പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തിൽ മുതിർന്ന നേതാക്കളുടെയും യുവാക്കളുടെയും സാന്നിധ്യം ഒരുപോലെ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണകക്ഷിയായ ഡിഎംകെയുടെ തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാർ കേന്ദ്രത്തിന് നൽകിയത് തെറ്റായ വാക്‌സിൻ കണക്കുകളാണെന്ന് ആരോപിച്ച അദ്ദേഹം ഭരണകക്ഷിയുടെ പ്രവർത്തകർ സംസ്ഥാനത്ത് ഇല്ലാത്ത വാക്‌സിൻ ക്ഷാമമാണ് ഉണ്ടാക്കിയെടുക്കുന്നതെന്നും അണ്ണാമലൈ ആരോപിച്ചു.
കേന്ദ്രസർക്കാരിന്‍റെ നയങ്ങൾ തമിഴ്‌നാടിനെ ഒരു മികച്ച സംസ്ഥാനമാക്കി മാറ്റുമെന്നും അണ്ണാമലൈ പറഞ്ഞു. ഒരു നേതാവെന്നതിലുപരി ഒരു സേവകനായാണ് താൻ പാർട്ടിയിൽ പ്രവർത്തിക്കുന്നതെന്നും ബിജെപി തമിഴ്‌നാട്ടിലെ ഏറ്റവും ശക്തമായ പാർട്ടിയായി മാറുമെന്നും 2024ലെ പൊതുതെരഞ്ഞെടുപ്പിൽ വമ്പിച്ച ഭൂരിപക്ഷം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.