കൊല്‍ക്കത്ത:പശ്ചിമ ബംഗാളില്‍ പുതിയതായി ഏഴ് ജില്ലകള്‍ കൂടി രൂപീകരിക്കാനുള്ള തീരുമാനവുമായി മമത ബാനര്‍ജി സര്‍ക്കാര്‍. സുന്ദർബൻ, ഇച്ഛമതി, റാണാഘട്ട്, ബിഷ്‌ണുപൂർ, ജംഗിപൂർ, ബെഹ്‌റാംപൂർ, ബസിർഹത്ത് എന്നിവയാണ് പുതിയ ജില്ലകളെന്ന് സർക്കാർ അറിയിച്ചു. മുന്‍പ് 23 ജില്ലകളുണ്ടായിരുന്ന ബംഗാളില്‍ പുതിയ ജില്ലകളുടെ രൂപീകരണത്തോടെ ആകെ ജില്ലകളുടെ എണ്ണം 30 ആകും.
അതേസമയം എസ്‌എസ്‌സി റിക്രൂട്ട്മെന്‍റ് അഴിമതിയിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള മമത ബാനര്‍ജിയുടെ തന്ത്രമാണ് പുതിയ ജില്ലകളുടെ രൂപീകരണമെന്ന് ബിജെപി നേതാവ് അമിത് മാളവ്യ ആരോപിച്ചു. കടക്കെണിയിലായ പശ്ചിമ ബംഗാൾ സർക്കാരിന് എവിടെ നിന്നാണ് പണം ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും മാളവ്യ ആവശ്യപ്പെട്ടു. എസ്‌എസ്‌സി റിക്രൂട്ട്മെന്‍റ് അഴിമതി കേസില്‍ മുന്‍ വ്യവസായ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയ്‌ക്കൊപ്പം വിദ്യാഭ്യാസ മന്ത്രിയായ പരേഷ് അധികാരിയുടെ വസതി ഇ.ഡി റെയ്‌ഡ് ചെയ്‌തിരുന്നുവെന്നും, പരേഷ് അധികാരി മന്ത്രിസഭയില്‍ തുടരുന്നതിനാല്‍ സര്‍ക്കാരിന് കളങ്കം കഴുകിക്കളയാനാകില്ലെന്നും ബിജെപി നേതാവ് ആരോപിച്ചു.