ന്യൂഡല്‍ഹി :'അഗ്‌നിവീരര്‍'ക്ക് സൈനിക തസ്‌തികകളില്‍ 10 ശതമാനം സംവരണം പ്രഖ്യാപിച്ച് പ്രതിരോധ മന്ത്രാലയം. കോസ്റ്റ് ഗാർഡ് ഉള്‍പ്പടെ പ്രതിരോധ സേനകളുടെ തസ്‌തികകളിലാണ് നിയമനം നല്‍കുക. അഗ്‌നിപഥ് പദ്ധതിയിലൂടെ നാലുവര്‍ഷത്തെ സേവനത്തിനായി യോഗ്യത നേടുന്നവരെയാണ് 'അഗ്‌നിവീരര്‍' എന്ന് വിശേഷിപ്പിക്കുന്നത്.
പ്രതിരോധ രംഗത്തെ 16 പൊതുമേഖല സ്ഥാപനങ്ങളിലും ഈ സംവരണ ആനുകൂല്യം നടപ്പാക്കും. വിമുക്തഭടര്‍ക്ക് നിലവിലുള്ള സംവരണത്തിന് പുറമേയാണിതെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്‍റെ ഓഫിസ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ അറിയിച്ചു. ഇക്കാര്യം നടപ്പിലാക്കാന്‍ നിയമന ചട്ടങ്ങളിൽ ഭേദഗതികൾ വരുത്തും. അതത് സ്ഥാപനങ്ങളോട് അവരുടെ നിയമനങ്ങളില്‍ സമാനമായ ഭേദഗതികൾ വരുത്താൻ നിർദേശിക്കും.
ALSO READ|അണയാതെ അഗ്നിപഥ്: ബിഹാറില്‍ വാഹനം കത്തിച്ചു, കര്‍ണാടകയില്‍ ലാത്തിചാര്‍ജ്
പ്രായപരിധിയിൽ ആവശ്യമായ ഇളവുകളും ഏർപ്പെടുത്തുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. അഗ്‌നിപഥ് ഹ്രസ്വകാല നിയമന പദ്ധതി പ്രഖ്യാപിച്ച സാഹചര്യത്തില്‍ രാജ്യവ്യാപക പ്രക്ഷോഭം ആളിക്കത്തുകയാണ്. നാലാം ദിവസവും രാജ്യത്ത് വന്‍ പ്രതിഷേധമാണുണ്ടായത്. ഇതിനിടെയാണ് നിര്‍ണായക ഭേദഗതികളുമായി കേന്ദ്രം രംഗത്തെത്തിയത്.
'ഇത് യുവാക്കളോടുള്ള കരുതല്‍' :പ്രക്ഷോഭങ്ങള്‍ തണുപ്പിക്കാന്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് വെള്ളിയാഴ്‌ച പ്രസ്താവന നടത്തിയിരുന്നു. രാജ്യത്തെ യുവാക്കൾക്ക് സായുധ സേനയിൽ ചേരാനും അവരുടെ മാതൃരാജ്യത്തെ സേവിക്കാനുമുള്ള സുവർണാവസരമാണ് അഗ്നിപഥ്. കഴിഞ്ഞ രണ്ട് വർഷമായി റിക്രൂട്ട്‌മെന്‍റ് നടപടികൾ നടക്കാത്തതിനാൽ നിരവധി യുവാക്കൾക്ക് സായുധ സേനയിൽ ചേരാൻ കഴിഞ്ഞില്ല.
യുവാക്കളുടെ ഭാവി കണക്കിലെടുത്ത്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശപ്രകാരം അഗ്‌നിപഥ് 2022 ലെ നിയമന പ്രായപരിധി 21 വയസിൽ നിന്ന് 23 ആയി ഉയർത്തി. യുവാക്കളുടെ മേൽ കരുതൽ ഉണ്ടെന്നതിന്‍റെ തെളിവാണിതെന്നും അദ്ദേഹം അവകാശപ്പെട്ടു.