ന്യൂഡല്‍ഹി: എംബിബിഎസ് പഠനം ഒന്‍പത് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ദേശീയ മെഡിക്കല്‍ കമ്മിഷന്‍. മെഡിക്കല്‍ ബിരുദ പഠനത്തിന് പ്രവേശനം നേടുന്ന മുഴുവന്‍ വിദ്യാര്‍ഥികളും ഒന്‍പത് വര്‍ഷത്തിനുള്ളില്‍ പഠനം പൂര്‍ത്തിയാക്കണമെന്നും ആദ്യ അധ്യയന വര്‍ഷത്തെ എല്ലാ വിഷയങ്ങളിലും നാലു ശ്രമങ്ങള്‍ക്കുള്ളില്‍ വിജയിക്കണമെന്നുമാണ് കമ്മിഷന്‍റെ നിര്‍ദേശം. മെഡിക്കല്‍ വിദ്യാഭ്യാസ രംഗം കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ റെഗുലേഷന്‍സ് കരട് നിര്‍ദേശത്തിലെ വ്യവസ്ഥകളാണിത്.
ഒന്‍പത് വര്‍ഷത്തിന് ശേഷം ഒരു കാരണവശാലും ഒരു വിദ്യാര്‍ഥിക്കും പഠനം തുടരാന്‍ സാധിക്കില്ല. മാത്രമല്ല ഒരു വിദ്യാര്‍ഥിക്കും ഒരു വിഷയത്തിലും നാലില്‍ കൂടുതല്‍ തവണ പരീക്ഷകള്‍ എഴുതാന്‍ അനുവദിക്കില്ല. പുതുതായി പുറത്തിറക്കിയ ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ റെഗുലേഷന്‍സ് പ്രകാരം രാജ്യത്തെ മുഴുവന്‍ മെഡിക്കല്‍ കോളജുകളിലും മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നടത്തുന്നതിന് ഒരു പൊതു കൗണ്‍സലിങ് ഉണ്ടായിരിക്കും.
എന്‍എംസി (ദേശീയ മെഡിക്കല്‍ കമ്മിഷന്‍) നല്‍കുന്ന നിര്‍ദേശത്തിന് അനുസരിച്ചായിരിക്കും കൗണ്‍സലിങ്ങിന്‍റെ പ്രവര്‍ത്തനം. കൗണ്‍സലിങ്ങിനായി സര്‍ക്കാര്‍ ഒരു അതോറിറ്റിയെ നിയമിക്കും. വിദ്യാര്‍ഥികളുടെ അഡ്‌മിഷനുമായി ബന്ധപ്പെട്ടുള്ള മുഴുവന്‍ കാര്യങ്ങളും ഈ അതോറിറ്റിയുടെ മേന്‍നോട്ടത്തിലായിരിക്കും. പുതിയ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ഒരു മെഡിക്കല്‍ സ്ഥാപനത്തിലേക്കും വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കരുതെന്നും ചട്ടങ്ങളില്‍ വ്യക്തമാക്കുന്നു.