കുര്‍ണൂല്‍:കോണ്‍ഗ്രസ്പാര്‍ട്ടിയില്‍ തന്‍റെ റോള്‍ എന്താണെന്നും ഏത് സ്ഥാനത്താണ് താന്‍ നിയമിക്കപ്പെടുകയെന്നും തീരുമാനിക്കുക പുതിയ അധ്യക്ഷനായിരിക്കുമെന്ന് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസില്‍ അധ്യക്ഷനാണ് പരമോന്നത അധികാര കേന്ദ്രം. പാര്‍ട്ടിയുടെ ഭാവി ചുവടുകള്‍ ആ സ്ഥാനം വഹിക്കുന്നയാളാണ് തീരുമാനിക്കുക എന്നും രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയ്‌ക്കിടെ ആന്ധ്രാപ്രദേശിലെ കുര്‍ണൂലില്‍ പറഞ്ഞു.
കോൺഗ്രസിലെ തന്‍റെ റോൾ പുതിയ അധ്യക്ഷൻ തീരുമാനിക്കും: രാഹുൽ ഗാന്ധി - കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്
കോണ്‍ഗ്രസിന്‍റെ ഭാവി ചുവടുകള്‍ അധ്യക്ഷ സ്ഥാനത്ത് ഇരിക്കുന്നയാളാണ് തീരുമാനിക്കുക എന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
പുതിയ അധ്യക്ഷന്‍റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചായിരിക്കുമോ പ്രവര്‍ത്തിക്കുക എന്ന ചോദ്യത്തിന് തീര്‍ച്ചയായും എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറുപടി. മല്ലികാര്‍ജുന്‍ ഖാര്‍ഗെ അനുഭവസമ്പത്തുള്ള നേതാവാണെന്നും അദ്ദേഹത്തിന് തന്‍റെ ഉപദേശം ആവശ്യമില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ചില ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന ശശിതരൂരിന്‍റെ ആരോപണത്തെ കുറിച്ചുള്ള പ്രതികരണം ആരാഞ്ഞപ്പോള്‍ ഇത്തരം ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പാര്‍ട്ടിക്ക് അതിന്‍റേതായ സംവിധാനം ഉണ്ട് എന്നാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്.
ആഭ്യന്തരമായി തെരഞ്ഞെടുപ്പ് കമ്മിഷനുള്ള ഒരേ ഒരു പാര്‍ട്ടി കോണ്‍ഗ്രസാണ്. ടിഎന്‍ ശേഷനെപ്പോലെ ആളാണ് ആ സ്ഥാനത്ത് ഇരിക്കുന്നത്. മധുസൂദന്‍ മിസ്‌ത്രി നീതിയുക്തമായ തീരുമാനം എടുക്കുന്ന ആളാണ്. അദ്ദേഹം ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകള്‍ ഉണ്ടെങ്കില്‍ നടപടികള്‍ എടുക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.