ന്യൂഡൽഹി : പാർലമെന്‍റ് മന്ദിരത്തിൽ സ്ഥാപിക്കാനുള്ള ചെങ്കോൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെയാണ് ഏറ്റുവാങ്ങിയത്. തമിഴ്‌നാട്ടിൽ നിന്നുള്ള പൂജാരിമാരുടെ സംഘമാണ് ചെങ്കോൽ മോദിക്ക് കൈമാറിയത്. പ്രധാനമന്ത്രിയുടെ ഓഫിസിൽ വച്ചായിരുന്നു കൈമാറ്റം.
ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി മോദി പുതിയ പാർലമെന്‍റിലെ സ്‌പീക്കറുടെ ഇരിപ്പിടത്തിന് സമീപം ചെങ്കോൽ സ്ഥാപിക്കും. ശനിയാഴ്‌ച ഉച്ചയോടെയാണ് പൂജാരി സംഘം തമിഴ്‌നാട്ടിൽ നിന്ന് ഡൽഹിയിൽ എത്തിയത്. സ്വാതന്ത്ര്യ സമരത്തിൽ തമിഴ്‌നാടിന്‍റെ പങ്കിനെക്കുറിച്ച് പ്രധാനമന്ത്രി മോദി പറഞ്ഞു. ഇന്ത്യൻ ദേശീയതയുടെ കോട്ടയാണ് തമിഴ്‌നാട്. സ്വാതന്ത്ര്യത്തിനു ശേഷമുള്ള വർഷങ്ങളിൽ തമിഴ് സംഭാവനകൾക്ക് അർഹമായ അംഗീകാരം ലഭിച്ചില്ല. ഇപ്പോൾ ഈ വിഷയത്തിന് അർഹമായ പ്രാധാന്യം നൽകുന്നുവെന്ന് മോദി പറഞ്ഞു.
1947 ഓഗസ്‌റ്റ് 14 ന് രാത്രി 10.45 ന് തിരുവാവടുതുറൈ ശൈവമഠം മുഖേനയാണ് ജവഹര്‍ലാല്‍ നെഹ്റു ചെങ്കോല്‍ സ്വീകരിച്ചത്. സ്വാതന്ത്ര്യാനന്തരം ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുന്നതിനു മുമ്പ് അധികാരം കൈമാറുന്നതിന്‍റെ പ്രതീകമായാണ് പ്രഥമപ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റുവിന് ചെങ്കോൽ കൈമാറിയത്. ചെങ്കോൽ സൂക്ഷിച്ചിരുന്നത് നെഹ്റുവിന്‍റെ വസതിയായിരുന്ന അലഹബാദിലെ ദേശീയ മ്യൂസിയത്തിലായിരുന്നു. ഇന്ത്യയുടെ ഭൂതകാലത്തിന്‍ലെ മഹത്തായ വർഷങ്ങളെയും പാരമ്പര്യങ്ങളെയും സ്വതന്ത്ര ഇന്ത്യയുടെ ഭാവിയുമായി ചെങ്കോൽ ബന്ധിപ്പിക്കുന്നു. വിശുദ്ധ ചെങ്കോലിന് അർഹമായ ബഹുമാനം ലഭിച്ചില്ലെന്നും പ്രയാഗ്‌രാജിലെ ആനന്ദഭവനിൽ അത് വാക്കിങ് സ്റ്റിക്കായി പ്രദർശിപ്പിച്ചെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ആനന്ദഭവനിൽ നിന്ന് ചെങ്കോലിനെ കൊണ്ടുവന്നത് നിലവിലെ സർക്കാരാണ്. ഇതോടെ, പുതിയ പാർലമെന്‍റ് മന്ദിരത്തിൽ ചെങ്കോൽ സ്ഥാപിക്കുന്ന വേളയിൽ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്‍റെ ആദ്യ നിമിഷം പുനരുജ്ജീവിപ്പിക്കാൻ അവസരമുണ്ടാകുന്നുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ജനാധിപത്യ ക്ഷേത്രത്തിൽ ചെങ്കോലിന് അർഹമായ സ്ഥാനം ലഭിക്കുന്നുവെന്നും പ്രധാനമന്തി അഭിപ്രായപ്പെട്ടു. ഇന്നാണ് പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം.