ന്യൂഡൽഹി : പാർലമെന്‍റ് മന്ദിരം ഉദ്ഘാടനത്തിന് ക്ഷണിക്കാതെ രാഷ്‌ട്രപതിയെ അപമാനിച്ചെന്ന് ആരോപിച്ച് മെയ് 26ന് ര്യാജവ്യാപകമായി പ്രകടനം നടത്തുമെന്ന് അഖിലേന്ത്യ ആദിവാസി കോൺഗ്രസ്. പാർലമെന്‍റ് മന്ദിരം ഉദ്ഘാടനത്തിന് രാഷ്‌ട്രപതിയെ ക്ഷണിക്കാത്തത് അപമാനിക്കുന്നതിന് തുല്യമാണെന്ന് അഖിലേന്ത്യ ആദിവാസി കോൺഗ്രസ് അധ്യക്ഷൻ ശിവാജി റാവു മോഗെ ആരോപിച്ചു.
'ഇന്ത്യയുടെ രാഷ്ട്രപതിയായി ഒരു ആദിവാസി സ്ത്രീ ഉണ്ടായിരിക്കുന്നത് എല്ലാവർക്കും അഭിമാനകരമായ കാര്യമാണ്. രാഷ്ട്രപതി, രാജ്യസഭ ചെയർമാൻ, ലോക്‌സഭ സ്‌പീക്കർ എന്നിവരാണ് പാർലമെന്‍റിനെ പ്രതിനിധീകരിക്കുന്നത്. പുതിയ പാർലമെന്‍റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമായിരുന്നു. പക്ഷേ പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് 28ന് ഉദ്ഘാടനം ചെയ്യുന്നു. ഉദ്ഘാടന ചടങ്ങിലേക്ക് അവർ രാഷ്ട്രപതിയെ പോലും ക്ഷണിച്ചില്ല എന്നതാണ് ഇതിൽ ഏറ്റവും മോശമായ കാര്യം. നേരത്തെ, പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ശിലാസ്ഥാപന ചടങ്ങിലേക്ക് ദളിതനായ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെയും അവർ ക്ഷണിച്ചിരുന്നില്ല' എന്ന് ശിവാജി റാവു മോഗെ പറഞ്ഞു.
'ഇത് രാജ്യത്തുടനീളമുള്ള ആദിവാസികൾക്ക് മാത്രമല്ല, സ്ത്രീകൾക്കും അപമാനമാണ്. ദൗർഭാഗ്യകരവും ഇന്ത്യൻ ജനാധിപത്യത്തിന് അപമാനവുമാണിത്. ഈ അനീതിക്കെതിരെ രാജ്യത്തുടനീളം ഗ്രാമങ്ങളിലും ബ്ലോക്കുകളിലും തങ്ങൾ പ്രതിഷേധിക്കുമെന്നും മോഗെ പറഞ്ഞു. പുതിയ പാർലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്യാനുള്ള തീരുമാനത്തെ 20 പ്രതിപക്ഷ പാർട്ടികളാണ് എതിർത്തത്. എന്നിട്ടും എന്തുകൊണ്ടാണ് പ്രധാനമന്ത്രി വിഷയത്തിൽ വ്യക്തത വരുത്താത്തത് എന്നും അദ്ദേഹം ചോദിച്ചു.
ആദിവാസികളെ അപമാനിക്കാനാണ് ബിജെപി ആഗ്രഹിക്കുന്നത് എന്നാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. ആദിവാസികൾക്കും ദലിതർക്കും എതിരെ എങ്ങനെയാണ് ഇത്തരമൊരു ചിന്താഗതി ബിജെപിയിൽ വളർന്നത്. ബിജെപി ഗോത്രവർഗ്ഗക്കാരെ ബഹുമാനിക്കുന്നില്ല. സമുദായത്തെ 'വനവാസി' എന്ന് വിളിച്ച് അപമാനിക്കുകയാണ്. 'ഹരിജൻ' പദം ദളിതർക്ക് അവഹേളനമായി കണക്കാക്കുകയും ഒരു നിയമത്തിലൂടെ സാധാരണ ഉപയോഗത്തിൽ നിന്ന് അത് നീക്കം ചെയ്യുകയും ചെയ്‌തു. തങ്ങളെ വേദനിപ്പിക്കുന്ന 'വനവാസി' എന്ന പദവും ഇത്തരത്തിൽ എന്തുകൊണ്ട് നീക്കം ചെയ്യുന്നില്ലെന്നും മോഗെ പറഞ്ഞു.