ന്യൂഡല്‍ഹി: ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും ബയോടെക് സ്റ്റാർട്ടപ്പായ മൈൻവാക്‌സും ചേർന്ന് വികസിപ്പിക്കുന്ന ചൂടിനെ പ്രതിരോധിക്കാന്‍ കഴിയുന്ന പുതിയ കൊവിഡ് വാക്‌സിന് ഡെൽറ്റ, ഒമിക്രോൺ എന്നിവയുൾപ്പെടെയുള്ള വകഭേദങ്ങൾക്കെതിരെ ശക്തമായ പ്രതിരോധ ശേഷിയുള്ളതായി പഠനം. എലികളില്‍ നടത്തിയ പഠനത്തിലാണ് നിര്‍ണായക കണ്ടെത്തല്‍. മെഡിക്കല്‍ ജേണലായ വൈറസസിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
റിസപ്റ്റർ-ബൈൻഡിങ് ഡൊമെയ്ൻ എന്ന് വിളിക്കുന്ന വൈറൽ സ്പൈക്ക് പ്രോട്ടീന്‍റെ ഒരു ഭാഗമാണ് പുതിയ വാക്‌സിന്‍ ഉപയോഗിക്കുന്നത്. 37 ഡിഗ്രി സെൽഷ്യസിൽ നാലാഴ്‌ച വരെയും 100 ഡിഗ്രി സെൽഷ്യസിൽ 90 മിനിറ്റ് വരെയും പുതിയ കൊവിഡ് വാക്‌സിന്‍ സൂക്ഷിക്കാം. നിലവിലുള്ള വാക്‌സിനുകളെല്ലാം റഫറിജറേറ്ററുകളിലോ കോള്‍ഡ് സ്റ്റോറേജ് ചെയിനിലോ മാത്രമേ സൂക്ഷിക്കാനാകൂ.
ഓസ്‌ട്രേലിയയിലെ കോമൺവെൽത്ത് സയന്‍റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് ഓർഗനൈസേഷനിലെ (സിഎസ്‌ഐആർഒ) ഗവേഷകർ ഉൾപ്പെടെയുള്ള സംഘം, ഒട്ടുമിക്ക വാക്‌സിനുകളും ഫലപ്രദമാകാൻ ശീതീകരണം ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടു. കൊവിഷീല്‍ഡ് വാക്‌സിന്‍ 2-8 ഡിഗ്രി സെൽഷ്യസിനുള്ളിൽ സൂക്ഷിക്കണം. ഫൈസർ വാക്‌സിന്‍ മൈനസ് 70 ഡിഗ്രി സെൽഷ്യസിൽ പ്രത്യേക ശീതികരിച്ച ഇടത്ത് സൂക്ഷിക്കണം.