പട്‌ന:ഒമിക്രോണിനേക്കാള്‍ പത്ത് മടങ്ങ് വ്യാപനശേഷിയുണ്ടെന്ന് കരുതുന്ന കൊവിഡിന്‍റെ ബിഎ.12 വകഭേദം ബിഹാറില്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഒമിക്രോണിന് ജനിതകമാറ്റം സംഭവിച്ചിട്ടാണ് ബിഎ.12 വകഭേദം ഉടലെടുത്തത്. ഇന്ദിരാഗാന്ധി ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ (ഐജിഐഎംഎസ്) 13 ഒമിക്രോണ്‍ സാമ്പിളുകളുടെ ജനിതകശ്രേണികരണം നടത്തിയപ്പോഴാണ് പുതിയ വകഭേദം കണ്ടെത്തിയത്.
ഭൂരിഭാഗം സാമ്പിളുകളിലും കണ്ടെത്തിയത് ബിഎ.2 എന്ന ഒമിക്രോണിന്‍റെ ഉപവകഭേദമാണ് എന്നാല്‍ ഒരു സാമ്പിളില്‍ ബിഎ.12 എന്ന വകഭേദം കണ്ടെത്തുകയായിരുന്നുവെന്ന് ഐജിഐഎംഎസിലെ മൈക്രോബയോളജി വിഭാഗം മേധാവി ഡോ നമ്രത കുമാരി പറഞ്ഞു. പുതിയ വകഭേദത്തിനുള്ള സാധ്യത മുന്‍നിര്‍ത്തി കൊവിഡ് വൈറസിന്‍റെ നിരന്തരമായ ശ്രേണികരണം ഐജിഐഎംസില്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും ഡോ. കുമാരി പറഞ്ഞു. ബിഎ.12 പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ നിലവില്‍ ലഭ്യമല്ല.