ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍ രണ്ട് ജഡ്‌ജിമാരെ കൂടി നിയമിക്കാനുള്ള കൊളീജിയത്തിന്‍റെ ശുപാര്‍ശ അംഗീകരിച്ച് കേന്ദ്രം. അലഹബാദ്, ഗുജറാത്ത് ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരായിരുന്ന ജേഷ് ബിന്ദല്‍, അരവിന്ദ് കുമാർ എന്നിവരുടെ നിയമനത്തിനാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. ഇതോടെ സുപ്രീം കോടതിയിലെ ജഡ്‌ജിമാരുടെ എണ്ണം 34 ആയി.
കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 'ഇന്ത്യൻ ഭരണഘടനയ്ക്ക് കീഴിലുള്ള വ്യവസ്ഥകൾ അനുസരിച്ച്, രാഷ്‌ട്രപതി അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേഷ് ബിന്ദൽ, ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാർ എന്നിവരെ സുപ്രീം കോടതി ജഡ്‌ജിമാരായി നിയമിച്ചു', കിരണ്‍ റിജിജു ട്വീറ്റ് ചെയ്‌തു.
അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനം ഒഴിയുമെന്ന് വ്യാഴാഴ്‌ചയാണ് കൊളീജിയം അറിയിച്ചത്. അലഹബാദ് ഹൈക്കോടതി ചീറ്റ് ജസ്റ്റിസ് സ്ഥാനത്തേക്ക് ജസ്റ്റിസ് പ്രീതിങ്കര്‍ ദിവാക്കറിനെ നിയമിക്കാന്‍ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്‌തു. അലഹബാദിലെ ഹൈക്കോടതിയിലെ ഏറ്റവും മുതിർന്ന ജഡ്‌ജിയാണ് ജസ്റ്റിസ് പ്രീതിങ്കർ ദിവാക്കർ.
അലഹബാദിന് പുറമെ കൊല്‍ക്കത്ത, ഛത്തീസ്ഗഡ്, ഗുജറാത്ത്, മണിപ്പൂർ ഹൈക്കോടതികളിലേക്കും പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിക്കാനും കൊളീജിയത്തിന്‍റെ ശുപാര്‍ശയുണ്ട്. കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് ടി എസ് ശിവജ്ഞാനം, ഛത്തീസ്ഗഢ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് രമേഷ് സിൻഹ, ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് സോണിയ ജി ഗോകാനി, മണിപ്പൂർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് ധീരജ് സിങ് ഠാക്കൂർ എന്നിവരെ നിയമിക്കാനാണ് കൊളീജിയത്തിന്‍റെ ശുപാര്‍ശ.
Also Read: സുപ്രീം കോടതി ജഡ്‌ജിമാരായി അഞ്ചുപേര്‍ സത്യപ്രതിഞ്ജ ചെയ്‌തു
നേരത്തെ ഫെബ്രുവരി 6ന് അഞ്ച് ജഡ്‌ജിമാരെ സുപ്രീം കോടതി ജഡ്‌ജിമാരായി നിയമിച്ചിരുന്നു. രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് പങ്കജ് മിത്തൽ, പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് സഞ്ജയ് കരോൾ, മണിപ്പൂർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് പി വി സഞ്ജയ് കുമാർ, പട്‌ന ഹൈക്കോടതി ജഡ്‌ജി ആയിരുന്ന ജസ്റ്റിസ് അഹ്സനുദീൻ അമാനുള്ള, അലഹബാദ് ഹൈക്കോടതി ജഡ്‌ജി ആയിരുന്ന ജസ്റ്റിസ് മനോജ് മിശ്ര എന്നിവരായിരുന്നു നേരത്തെ സുപ്രീം കോടതി ജഡ്‌ജിമാരായി സ്ഥാനമേറ്റത്. ഇതോടെ സുപ്രീം കോടതിയില്‍ ഉണ്ടായിരുന്ന ജഡ്‌ജിമാരുടെ ഒഴിവുകള്‍ നികത്തപ്പെട്ടു.