നെല്ലൂര്‍ (ആന്ധ്രാപ്രദേശ്): പുലര്‍ച്ചെ അഞ്ചരയ്ക്ക് തന്നെ തൊഴിലാളികളെത്തി. ഉദ്യോഗസ്ഥര്‍ കാത്ത് നില്‍പ്പുണ്ടായിരുന്നു. ആദ്യം ശ്വാസ ക്രമീകരണം, പിന്നീട് ചെറിയ വ്യായാമ മുറകൾ, പതിയെ സിനിമ പാട്ടുകൾക്കൊപ്പം ചുവടുകൾ, ശേഷം എയ്‌റോബിക്‌സും സൂംബ ഡാൻസും. ഇത് ആന്ധ്രാപ്രദേശിലെ നെല്ലൂർ കോർപ്പറേഷൻ ഓഫീസിന് മുന്നിലെ ദൈനംദിന കാഴ്‌ചയാണിത്.
ശുചീകരണ തൊഴിലാളികള്‍ സുംബയ്ക്ക് ചുവടുവയ്ക്കുന്നു നെല്ലൂർ കോർപ്പറേഷനിലെ 1,500 ശുചീകരണ തൊഴിലാളികളാണ് ജോലി തുടങ്ങുന്നതിന് മുന്‍പായി അര മണിക്കൂര്‍ മാനസികാരോഗ്യത്തിനായി ചിലവഴിയ്ക്കുന്നത്. ദിവസേനയുള്ള ശുചീകരണം തൊഴിലാളികള്‍ക്ക് മാനസികമായി മടുപ്പുളവാക്കുമെന്ന തിരിച്ചറിവില്‍ നെല്ലൂർ കോർപ്പറേഷന്‍ കമ്മിഷണർ ദിനേഷ് കുമാർ ഐഎഎസാണ് ഇത്തരമൊരു ആശയം ആവിഷ്‌ക്കരിച്ചത്.
സൂംബ പഠിപ്പിക്കാൻ പ്രത്യേക പരിശീലകർ
പുലർച്ചെ അഞ്ചരയ്ക്ക് പരിപാടി ആരംഭിയ്ക്കും. എയ്‌റോബിക്‌സ്, സുംബ തുടങ്ങി ശരീരത്തിനും മനസിനും ഒരുപോലെ ഗുണപ്രദമായ വ്യായാമങ്ങളാണ് ചെയ്യുന്നത്. സുംബ നൃത്തം പഠിപ്പിക്കാൻ പ്രത്യേക പരിശീലകരുണ്ട്. രാജസ്ഥാനിൽ നിന്ന് യോഗയ്ക്ക് വേണ്ടി പ്രത്യേക പരിശീലകരെ കൊണ്ടുവന്നിട്ടുണ്ട്. നെല്ലൂർ കോര്‍പ്പറേഷനില്‍ ഒരു മാസമായി ഇത് തുടരുന്നുണ്ട്. കൊവിഡിന് ശേഷം ഇത്തരമൊരു പരീക്ഷണം ഏറെ പ്രയോജനപ്പെടുമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.
ജോലിയുടെ ഭാഗമായി പൊടി ശ്വസിക്കുന്നതിനാല്‍ ക്ഷയരോഗം പോലുള്ള അസുഖങ്ങൾ തൊഴിലാളികള്‍ക്ക് വരാനുള്ള സാധ്യത കൂടുതലാണ്. ആരോഗ്യ പരിപാലനത്തെ കുറിച്ചും അവബോധ പരിപാടി സംഘടിപ്പിയ്ക്കുന്നുണ്ട്. വ്യായാമം ചെയ്യുന്നത് ജോലി സമ്മർദ്ദം കുറയ്ക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
സ്വച്ഛ് സർവേക്ഷണയുടെ ഭാഗമായി വർഷം മുഴുവൻ പരിപാടി തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. ഓരോ ഡിവിഷനിലും ഒരു ഓഫിസർ വീതം പരിശീലന പരിപാടിയിൽ പങ്കെടുക്കണം. നഗരത്തിലെ ആരോഗ്യ വിഭാഗം ജീവനക്കാർക്കായി പരിപാടി വിപുലീകരിയ്ക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Also read: മൊബൈൽ കക്കൂസ് അടിച്ചുമാറ്റി, വിറ്റത് 45000 രൂപയ്‌ക്ക്; ഒടുവിൽ പിടിവീണു