താനെ: പെരുന്നാളിന് ബലി നൽകാനായി ആടുകളെ കൊണ്ടുവന്നതിനെ ചൊല്ലി മുസ്ലിം ദമ്പതികളെ മർദിച്ചതായി പരാതി. മഹാരാഷ്‌ട്രയിൽ മുംബൈയിലെ മീര റോഡിലുള്ള സ്വകാര്യ ഹൗസിങ് കോളനിയിലാണ് സംഭവം. ഇവിടെ താമസിക്കുന്ന മുഹ്‌സിൻ ഖാനാണ് ഹൗസിങ് സൊസൈറ്റിയിലേക്ക് ആടിനെ കൊണ്ടുവന്നത്. ഇത് ചോദ്യം ചെയ്‌ത് ഒരു സംഘം ആളുകൾ മുഹ്‌സിനെയും ഭാര്യയെയും മർദിക്കുകയായിരുന്നു എന്നാണ് പരാതി.
ബക്രീദിന് മുന്നോടിയായി കോളനിയിലേക്ക് ആടിനെ കൊണ്ടുവന്നതിന് ഹൗസിങ് കോളനിയിലെ ഏതാനും അംഗങ്ങളും ഹിന്ദു സംഘടനയിലെ ചിലരും ദമ്പതികൾക്കെതിരെ പ്രതിഷേധം നടത്തുകയും ആക്രമിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്‌തു എന്ന് പരാതിയിൽ പറയുന്നു. ബക്രീദിന് ബലി നൽകാനായി തിങ്കളാഴ്‌ച രാത്രിയാണ് ഇവർ ആടുകളെ എത്തിച്ചത്. തുടർന്ന് ഹൗസിങ് കോളനിയിലെ ഏതാനും അംഗങ്ങളും ഹിന്ദു സംഘടനയിലെ ചിലരും ഒത്തുകൂടുകയും പ്രതിഷേധിക്കുകയുമായിരുന്നു. ഇതിനിടെ പ്രതിഷേധക്കാരിൽ ചിലർ ജയ് ശ്രീറാം വിളികൾ ഉൾപ്പെടെ മതപരമായ മുദ്രാവാക്യങ്ങൾ ഉയർത്തുകയും ചെയ്‌തു.
ദമ്പതികളുടെ പരാതിയിൽ 11 പേർക്കെതിരെ ഐപിസിയുടെ പ്രസക്തമായ വകുപ്പുകൾ പ്രകാരം മുംബൈ പൊലീസ് കേസ് എടുത്തിട്ടുണ്ട്. സംഭവത്തെത്തുടർന്ന് ചൊവ്വാഴ്‌ച പ്രതിഷേധവുമായി ഹൗസിങ് കോളനിയിലെ അംഗങ്ങൾ എത്തി. ഇതോടെ പൊലീസ് സൊസൈറ്റിയിലെത്തി താമസക്കാരുമായി ചർച്ച നടത്തുകയും അവരെ സമാധാനിപ്പിക്കാൻ ശ്രമിക്കുകയും ചെയ്‌തുവെന്ന് മീര റോഡ് പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫിസർ (എസ്എച്ച്ഒ) പറഞ്ഞു.
ആടുകളെ ഹൗസിങ് കോളനിക്കുള്ളിൽ കൊണ്ടുവന്നത് നിയമ വിരുദ്ധമാണെങ്കിൽ, അവർ തങ്ങൾക്കെതിരെ പൊലീസിൽ പരാതി നൽകണമായിരുന്നു. പ്രതിഷേധിക്കാൻ തടിച്ചുകൂടിയ ജനക്കൂട്ടം തങ്ങളെ ആക്രമിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്‌തുവെന്ന് ദമ്പതികൾ പറഞ്ഞു.