മുംബൈ: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഓക്‌സിജൻ നൽകാനാവില്ലെന്ന് അയൽ സംസ്ഥാനങ്ങൾ അറിയിച്ചതായി മഹാരാഷ്‌ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ അറിയിച്ചു.
ഓക്‌സിജന്‍റെ ദുരുപയോഗം കുറക്കണമെന്നും നിലവിൽ വൻ ആവശ്യകതയാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. വ്യാവസായിക ആവശ്യങ്ങൾക്ക് ഓക്‌സിജൻ വിതരണം ചെയ്യരുതെന്നും മെഡിക്കൽ ആവശ്യങ്ങൾക്ക് മാത്രം വിതരണം ചെയ്‌താൽ മതിയെന്നും സംസ്ഥാന സർക്കാർ ഓക്സിജൻ നിർമാതാക്കൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗികൾക്കും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉള്ളവർക്കുമാണ് മെഡിക്കൽ-ഗ്രേഡ് ഓക്സിജൻ ഉപയോഗിക്കുന്നത്. സംസ്ഥാനത്ത് മെഡിക്കൽ ഓക്‌സിജനിലെ കുറവ് റിപ്പോർട്ട് ചെയ്‌തിട്ടുണ്ടെന്നും എയർ ഫോഴ്‌സ് സംവിധാനത്തിലൂടെ ഓക്‌സിജൻ കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന് എത്തിക്കണമെന്നും ഉദ്ദവ് താക്കറെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഓക്‌സിജൻ ആവശ്യപ്പെട്ടുകൊണ്ട് ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഗുജറാത്ത് അടക്കമുള്ള അയൽ സംസ്ഥാനങ്ങളെ സമീപിച്ചുവെന്ന് കഴിഞ്ഞ ദിവസം ടോപ്പെ അറിയിച്ചിരുന്നു.
1,200 മെട്രിക് ടൺ ഓക്‌സിജൻ ദിനം പ്രതി സംസ്ഥാന സർക്കാർ നിർമിക്കുന്നുണ്ടെന്നും കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ഇത് മെഡിക്കൽ ആവശ്യങ്ങൾക്ക് മാത്രമാണ് ഉപയോഗിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഓക്‌സിജൻ ആവശ്യകത 1,500 to 1,600 മെട്രിക് ടൺ ആയി ഉയരാൻ സാധ്യതയുണ്ടെന്നും മന്ത്രി രാജേന്ദ്ര ഷിംഗ്‌നെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അന്തരീക്ഷത്തിൽ നിന്ന് ഓക്സിജനെ വേർതിരിക്കാനും ശുദ്ധീകരിക്കാനും രോഗികൾക്ക് നൽകാനും കഴിയുന്ന രീതിയിൽ ആശുപത്രികളിൽ പ്ലാന്‍റുകൾ സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായി ടോപ് നേരത്തെ പറഞ്ഞിരുന്നു.