ഖുഷിനഗർ (ഉത്തർപ്രദേശ്) : ഭക്ഷണം കൊടുത്ത് വളർത്തുന്ന തെരുവ് നായയെ മർദിച്ചതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് 12 വയസുകാരനെ കൊലപ്പെടുത്തി (Man killed 12 year old boy) അഴുക്കുചാലിൽ വലിച്ചെറിഞ്ഞ അയൽവാസിയായ യുവാവ് പിടിയിൽ. ഉത്തർപ്രദേശിലെ ഖുഷിനഗർ ജില്ലയിലെ കസ്യ മേഖലയിലാണ് സംഭവം.
മെയ്ൻപൂർ ഗ്രാമത്തിലെ തോല ശിവ്പെട്ടിയിൽ താമസിക്കുന്ന മധുകർ ലളിത് ത്രിപാഠിയുടെ മകൻ 12 വയസുള്ള രാമൻ ത്രിപാഠിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കുട്ടിയുടെ അയൽവാസിയായ ഷംസുദ്ദീനെ പൊലീസ് പിടികൂടി. ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനാണ് രാമനെ വീട്ടിൽ നിന്ന് കാണാതായത്. തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.
പിന്നാലെ ഇവർ കസ്യ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് കേസെടുത്ത് കുട്ടിക്കായി തെരച്ചിൽ ആരംഭിച്ചു. ഇതിനിടെ ഓഗസ്റ്റ് രണ്ടിന് ഒരു കുട്ടിയുടെ മൃതദേഹം ഗ്രാമത്തിലെ അഴുക്ക് ചാലിൽ കണ്ടെത്തിയതായി പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തി.
മൃതദേഹത്തിൽ കുട്ടിയുടെ മുഖത്ത് ആഴത്തിലുള്ള മുറിവുകൾ ഉണ്ടായിരുന്നു. തുടർന്ന് ബന്ധുക്കളെ വിളിച്ച് വരുത്തി നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയ മൃതദേഹം രാമൻ ത്രിപാഠിയുടേതാണെന്ന് മനസിലാക്കിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞ് പിടികൂടിയത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ :കൊല്ലപ്പെട്ട രാമൻ ത്രിപാഠിയുടെ കുടുംബം പ്രദേശത്തെ ഒരു തെരുവ് നായയ്‌ക്ക് സ്ഥിരമായി ഭക്ഷണം കൊടുക്കാറുണ്ടായിരുന്നു. അതിനാൽ തന്നെ ഈ നായ അവരുടെ വീടിനടുത്ത് തന്നെയായിരുന്നു താമസവും. കൊലപാതകം നടക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് ഇവരുടെ അയൽവാസിയും കേസിലെ പ്രതിയുമായ ഷംസുദ്ദീൻ രാമന്‍റെ വീടിന് മുന്നിലൂടെ കടന്ന് പോയപ്പോൾ ഈ നായ കുരയ്‌ക്കാൻ തുടങ്ങി.
ALSO READ :വളര്‍ത്തു നായ്‌ക്കളെ ചൊല്ലി വഴക്ക്; അയല്‍ക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്ത് സെക്യൂരിറ്റി ജീവനക്കാരന്‍, 2 പേര്‍ കൊല്ലപ്പെട്ടു
ഇതിൽ പ്രകോപിതനായ ഷംസുദ്ദീൻ നായയെ ക്രൂരമായി മർദിച്ചു. ഇത് ശ്രദ്ധയിൽപ്പെട്ട രാമന്‍റെ വീട്ടുകാർ മർദനം തടയുകയും ഷംസുദ്ദീനുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും ചെയ്‌തു. തുടർന്ന് ഏറെ നേരത്തെ തർക്കത്തിനൊടുവിൽ ഷംസുദ്ദീൻ തിരികെ വീട്ടിലേക്ക് മടങ്ങി. ഇതിനിടെ ഓഗസ്റ്റ് ഒന്നിന് ത്രിപാഠി വീട്ടിൽ ഒറ്റയ്‌ക്കാണെന്ന് പ്രതി മനസിലാക്കി.
തുടർന്ന് കുട്ടിയെ അനുനയിപ്പിച്ച് അടുത്തുള്ള കലുങ്കിലേക്ക് കൂട്ടിക്കൊണ്ടുപോയി. കലുങ്കിലെത്തിയതോടെ ഇയാൾ നായയുടെ കാര്യം പറഞ്ഞ് കുട്ടിയെ അസഭ്യം പറയാനും മർദിക്കാനും തുടങ്ങി. ക്രൂര മർദനത്തിനൊടുവിൽ രാമനെ പ്രതി കലുങ്കിൽ നിന്ന് അഴുക്ക് ചാലിലേക്ക് തള്ളിയിടുകയായിരുന്നു. തുടർന്ന് പ്രതി സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. അതേസമയം പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ ഷംസുദ്ദീൻ കുറ്റം സമ്മതിച്ചിട്ടുണ്ട്.
ALSO READ :Man killed wife and child | ഉറങ്ങിക്കിടന്ന ഭാര്യയേയും 8 മാസം പ്രായമായ കുഞ്ഞിനേയും കോടാലി കൊണ്ട് വെട്ടിക്കൊന്നു ; യുവാവ് അറസ്‌റ്റിൽ