ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പിജി കൗണ്‍സിലിങ് ഈ മാസം 12 മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. കൗണ്‍സിലിങ് ആരംഭിക്കാനുള്ള അനുമതി കഴിഞ്ഞ ദിവസം സുപ്രീംകോടതി നല്‍കിയിരുന്നു. നിലവിലെ മാനദണ്ഡ പ്രകാരം കൗണ്‍സിലിങ് നടത്താന്‍ കോടതി അനുമതി നല്‍കി.
റസിഡന്‍റ് ഡോക്‌ടർമാർക്ക് ആരോഗ്യ മന്ത്രാലയം ഉറപ്പുനൽകിയതുപോലെ, സുപ്രീംകോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് 2022 ജനുവരി 12 മുതൽ മെഡിക്കൽ കൗൺസിലിങ് കമ്മിറ്റി നീറ്റ് പിജി കൗൺസലിങ് ആരംഭിക്കുമെന്ന് മന്‍സുഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്‌തു. കൊറോണക്കെതിരായ രാജ്യത്തിന്‍റെ പോരാട്ടത്തിന് ഇത് കൂടുതൽ കരുത്ത് പകരുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
നീറ്റ് പിജി, നീറ്റ് യുജി എന്നിവയിലെ അഖിലേന്ത്യാ ക്വാട്ട (എഐക്യു) സീറ്റുകളിലെ മറ്റ് പിന്നാക്ക വിഭാഗ (ഒബിസി) സംവരണത്തിന്‍റെ സാധുത സുപ്രീംകോടതി വെള്ളിയാഴ്‌ച ശരിവച്ചിരുന്നു. ഒബിസി വിഭാഗക്കാർക്ക് 27 ശതമാനവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് 10 ശതമാനം ക്വാട്ടയുമാണ് അനുവദിച്ചിരിക്കുന്നത്. മുന്നാക്ക സംവരണം ഈ വർഷത്തേക്ക് നടപ്പാക്കാനും കോടതി അനുമതി നല്‍കി.