ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പില്‍ (World Athletics Championships) ഇന്ത്യയ്‌ക്ക് ആദ്യ സ്വർണമെഡൽ നേടിക്കൊടുത്ത് രാജ്യത്തിന്‍റെ അഭിമാനം വാനോളം ഉയര്‍ത്തിയിരിക്കുകയാണ് 25 വയസുള്ള ഹരിയാനക്കാരന്‍ പയ്യന്‍. ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും ഒളിമ്പിക്‌സിലും സ്വര്‍ണമെന്ന അപൂര്‍വ നേട്ടംകൂടിയാണ് ജാവലിന്‍ എറിഞ്ഞ് നീരജ് ചോപ്ര (Neeraj chopra javelin throw achievement) സ്വന്തമാക്കിയത്. കടുത്ത വെല്ലുവിളിയായി മുന്‍പില്‍ നിന്ന പാക് താരം അര്‍ഷാദ് നദീമിനെ നിഷ്‌പ്രഭനാക്കിയാണ് ഈ 'ഹരിയാന കൊടുങ്കാറ്റ്' ചാമ്പ്യൻഷിപ്പിന് വേദിയായ ഹംഗറിയിലെ ബുഡാപെസ്റ്റില്‍ (Budapest in Hungary) ആഞ്ഞുവീശിയത്.
1983ൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ആദ്യ ലോകകപ്പ് നേടിക്കൊടുക്കാന്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ചത് ഇതിഹാസ താരം കപിൽ ദേവാണ് (Indian cricket player kapil dev). ക്രിക്കറ്റ് മൈതാനത്ത് കൊടുങ്കാറ്റായി മാറി കപ്പടിച്ച് രാജ്യത്തെ ജനകോടികളുടെ മനസില്‍ പ്രത്യേക ഇടം നേടാന്‍ താരത്തിനായി. സമാനമായി, നീരജും രാജ്യത്തെ 140 കോടി ജനങ്ങളുടെ ഹൃദയത്തില്‍ ഇടംപിടിച്ചിരിക്കുകയാണ്. 2021ലെ ടോക്കിയോ ഒളിമ്പിക്‌സില്‍ സ്വർണം നേടിയതിന് പുറമെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലും തങ്കത്തിളക്കം. ഇതോടെ, ജനകോടികള്‍ വാഴ്‌ത്തുന്ന രാജ്യത്തിന്‍റെ അഭിമാനതാരമാവാന്‍ നീരജിനായി.
പിന്നോട്ടില്ല ഒന്നിലും, മുന്നോട്ട്... മുന്നോട്ട്..! :അന്തരിച്ച ഇതിഹാസതാരം മിൽഖ സിങ്, പയ്യോളി എക്‌സ്‌പ്രസ് എന്ന പിടി ഉഷ എന്നിവർക്ക് നേടാൻ കഴിയാത്തതാണ് ഹരിയാനയിലെ ഒരു കുഞ്ഞ് ഗ്രാമത്തിൽ നിന്നുള്ള നീരജ് ചോപ്ര സ്വന്തമാക്കിയത്. കഠിനാധ്വാനം കൊണ്ട് ഒരാൾക്ക് എന്തും നേടാനാകും എന്നതിന്‍റെ ഉദാത്ത മാതൃക കൂടിയാണ് നീരജ് ചോപ്ര. വളർന്നുവരുന്ന ഏതൊരു കായികതാരത്തിന്‍റേയും സ്വപ്‌നമാണ് ഒളിമ്പിക്‌സില്‍ ഒരു സ്വർണ നേട്ടം. ഇങ്ങനെയാരു വിജയം കൈവരിച്ചാല്‍ സാധാരണ ഗതിയില്‍ അത്‌ലറ്റുകൾക്ക് ഇനി നേടാന്‍ ഒന്നുമില്ലെന്ന് വെറുതെയെങ്കിലും തോന്നാന്‍ സാധ്യത ഏറെയാണ്. എന്നാല്‍, നീരജിന്‍റെ കാര്യത്തില്‍ മറിച്ചൊരു ചിന്തയ്‌ക്ക് പ്രസക്‌തിയില്ലെന്ന് തെളിയിക്കുന്നത് കൂടിയാണ് ബുഡാപെസ്റ്റ് നേട്ടം.