ഹൈദരാബാദ്:ഗുസ്‌തി ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) പ്രസിഡന്‍റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വനിത ഗുസ്‌തി താരങ്ങൾ നടത്തുന്ന സമരത്തെ പിന്തുണച്ച് ഒളിമ്പ്യൻ നീരജ് ചോപ്ര. രാജ്യത്തിനായി കഠിനാധ്വാനം ചെയ്‌തവരാണ് താരങ്ങളെന്നും വിഷയത്തിൽ അധികാരികൾ വേഗത്തിൽ നടപടി എടുക്കണമെന്നും നീരജ് ചോപ്ര ട്വിറ്ററിൽ അഭ്യർഥിച്ചു.
'നമ്മുടെ കായിക താരങ്ങൾ നീതി ആവശ്യപ്പെട്ട് തെരുവിലിറങ്ങുന്നത് എന്നെ വേദനിപ്പിക്കുന്നു. നമ്മുടെ മഹത്തായ രാജ്യത്തെ പ്രതിനിധീകരിക്കാനും നമ്മെ അഭിമാനിപ്പിക്കാനും അവർ കഠിനമായി പ്രയത്നിച്ചു. കായികതാരം അല്ലെങ്കിലും ഓരോ വ്യക്തിയും ഒരു രാഷ്ട്രമെന്ന നിലയിൽ, രാജ്യത്തിന്‍റെ അഖണ്ഡതയും അന്തസും സംരക്ഷിക്കാൻ ബാധ്യസ്ഥരാണ്.
ഇപ്പോൾ നടക്കുന്നത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്. ഇതൊരു സെൻസിറ്റീവ് വിഷയമാണ്, നിഷ്‌പക്ഷമായും സുതാര്യമായും കൈകാര്യം ചെയ്യണം. നീതി ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികൾ വേഗത്തിലുള്ള നടപടി സ്വീകരിക്കണം', നീരജ് ചോപ്ര ട്വിറ്ററിൽ കുറിച്ചു. അതേസമയം ജന്തർ മന്ദറിൽ താരങ്ങളുടെ പ്രതിഷേധം ഇന്ന് ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
ഇക്കഴിഞ്ഞ ഞായറാഴ്‌ചയാണ് ഗുസ്‌തി താരങ്ങൾ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തിയത്. ലൈംഗിക പീഡന പരാതിയിൽ നടപടി എടുക്കുമെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂർ നൽകിയ ഉറപ്പ് പാലിക്കാത്തതിനെത്തുടർന്നാണ് താരങ്ങൾ വീണ്ടും പ്രതിഷേധവുമായി എത്തിയത്. താരങ്ങൾക്ക് പിന്തുണയുമായി രാഷ്‌ട്രീയ നേതാക്കൾ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു.
ഈ വര്‍ഷം ജനുവരിയിലാണ് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി ഉൾപ്പെടെ ഏഴ് വനിത ഗുസ്‌തി താരങ്ങള്‍ ബ്രിജ് ഭൂഷണെതിരെ ലൈംഗികാതിക്രമ പരാതിയുമായി രംഗത്തെത്തിയത്. ബ്രിജ് ഭൂഷണെതിരെ നടപടി ആവശ്യപ്പെട്ട് ജന്തര്‍ മന്ദറില്‍ തന്നെയായിരുന്നു താരങ്ങളുടെ പ്രതിഷേധം. ജനുവരി 18ന് ആരംഭിച്ച സമരം മൂന്ന് ദിവസമാണ് നീണ്ടുനിന്നത്. സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്നായിരുന്നു അന്ന് താരങ്ങള്‍ സമരം അവസാനിപ്പിച്ചത്.
പിന്തുണച്ച് അഭിനവ് ബിന്ദ്ര: നേരത്തെ താരങ്ങൾക്ക് പിന്തുണയുമായി ഒളിമ്പിക്‌സ് സ്വർണ മെഡൽ ജേതാവ് അഭിനവ് ബിന്ദ്രയും രംഗത്തെത്തിയിരുന്നു. ട്വിറ്ററിലൂടെയാണ് ബിന്ദ്ര താരങ്ങൾക്ക് പിന്തുണ അറിയിച്ചത്. കായിക താരങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിക്കേണ്ട അവസ്ഥ ആശങ്കാജനകമാണെന്നാണ് ബിന്ദ്ര പറഞ്ഞത്.
'അത്‌ലറ്റുകളെന്ന നിലയിൽ രാജ്യാന്തര വേദിയിൽ നമ്മുടെ രാജ്യത്തെ പ്രതിനിധീകരിക്കാൻ ഞങ്ങൾ എല്ലാ ദിവസവും കഠിനമായി പരിശീലിക്കുന്നു. പീഡനാരോപണങ്ങളിൽ നമ്മുടെ കായിക താരങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിക്കേണ്ട അവസ്ഥ ആശങ്കാജനകമാണ്. പ്രശ്‌ന ബാധിതരായ എല്ലാവരോടും ഞാൻ ഹൃദയം കൊണ്ട് ഒപ്പം നിൽക്കുന്നു.
കായികതാരങ്ങളുടെ ആശങ്കകൾ ന്യായമായും സ്വതന്ത്രമായും കേൾക്കുകയും അഭിസംബോധന ചെയ്യുകയും ചെയ്‌തുകൊണ്ട് ഈ പ്രശ്‌നം ശരിയായി കൈകാര്യം ചെയ്യപ്പെടുന്നുവെന്ന് ഉറപ്പാക്കണം. പീഡനം തടയാൻ കഴിയുന്ന ഒരു സംവിധാനത്തിന്‍റെ ആവശ്യകതയെയാണ് ഈ സംഭവം എടുത്ത് കാണിക്കുന്നത്. ദുരിത ബാധിതർക്ക് നീതി ഉറപ്പാക്കണം. എല്ലാ കായിക താരങ്ങൾക്കും സുരക്ഷിതമായ അന്തരീക്ഷം സൃഷ്‌ടിക്കുന്നതിനായി നാം പ്രവർത്തിക്കാണം', ബിന്ദ്ര ട്വിറ്ററിൽ കുറിച്ചു.
വിമർശനവുമായി പിടി ഉഷ: അതേസമയം ഗുസ്‌തി താരങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷ പിടി ഉഷ രംഗത്തെത്തിയിരുന്നു. താരങ്ങൾ തെരുവിലിറങ്ങി സമരം ചെയ്യുന്നത് ഇന്ത്യയുടെ പ്രതിച്ഛായക്ക് മങ്ങലുണ്ടാക്കി എന്നാണ് പിടി ഉഷ പറഞ്ഞത്. തെരുവിലെ സമരം കായിക മേഖലയ്‌ക്ക് ഗുണം ചെയ്യില്ലെന്നും സമരത്തിന് പോകുന്നതിന് മുൻപ് താരങ്ങൾ ഒളിമ്പിക് അസോസിയേഷനെ സമീപിക്കണമായിരുന്നുവെന്നും പിടി ഉഷ പറഞ്ഞു.