ഇന്ത്യയുടെ ഏറ്റവും അടുത്ത സുഹൃത്താണ് താനെന്ന് മുമ്പൊരിക്കൽ അഭിമാനത്തോടെ റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ പുടിന്‍ റഷ്യയിൽ വച്ച് പറയുകയുണ്ടായി. 2014ല്‍ ബ്രസീലില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടി സമ്മേളനത്തില്‍ പങ്കെടുത്ത സമയത്ത് പുടിനുമായി നടന്ന ഒരു കൂടിക്കാഴ്‌ചയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി 'റഷ്യ നമ്മുടെ ഏറ്റവും അടുത്ത സുഹൃത്താണെന്ന് ഇന്ത്യയിലെ ഓരോ കുട്ടികള്‍ക്കുപോലും അറിയാം' എന്ന് പരാമർശിച്ചിരുന്നു. രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദം കാലത്തിന്‍റെ പരീക്ഷണങ്ങളെല്ലാം നേരിട്ട് വിജയിച്ചതാണെന്ന് ഇരു രാജ്യങ്ങളിലേയും നേതൃത്വം ആണയിട്ട് പറഞ്ഞിരുന്ന ഒരു കാലവും ഉണ്ടായിരുന്നു.
റഷ്യ-പാക് ബന്ധം
ഇന്ത്യ അമേരിക്കയുമായി കൂടുതല്‍ അടുക്കുന്നുവെന്ന സംശയത്തെ തുടര്‍ന്ന് റഷ്യ പതുക്കെ പാകിസ്ഥാനുമായി ബന്ധം ഊട്ടിയുറപ്പിക്കാന്‍ തുടങ്ങി. ഏതാണ്ട് അതേ സമയത്ത് തന്നെയാണ് റഷ്യയില്‍ നിന്നും തങ്ങള്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന പ്രതിരോധ ഉപകരണങ്ങളുടെ അതേ തരത്തിലുള്ളവ ചൈനയിലും എത്തുന്നുണ്ടെന്ന് അറിഞ്ഞ ഇന്ത്യ ജാഗ്രത പാലിച്ചത്. ബന്ധങ്ങളിലെ വിള്ളലുകള്‍ തുടർന്നതോടെ സമാധാന സംഭാഷണങ്ങളില്‍ നിന്നും അഫ്‌ഗാൻ ഇന്ത്യയെ ഒഴിവാക്കിയ കാര്യം റഷ്യ ഉറപ്പാക്കി എന്നും റിപ്പോര്‍ട്ടുകളുണ്ട്. 2020 ഡിസംബറില്‍ ഇന്ത്യയും റഷ്യയും തമ്മിൽ ഉച്ചകോടി സമ്മേളനം നടത്താന്‍ തീരുമാനിച്ചിരുന്നതാണ്. എന്നാൽ കൊവിഡ് കാരണം ഈ ഉച്ചകോടി റദ്ദാക്കപ്പെട്ടു, പക്ഷേ ഉച്ചകോടി റദ്ദാക്കിയതിന് പിറകിലെ മറ്റ് ചില കാരണങ്ങളും ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
ഈ വര്‍ഷം നടക്കേണ്ട പുടിന്‍-മോദി ഉച്ചകോടി സമ്മേളനത്തിന്‍റെ തയ്യാറെടുപ്പുകളുടെ ഭാഗമായി ഇരു രാജ്യങ്ങളിലേയും വിദേശകാര്യ മന്ത്രിമാര്‍ ഏപ്രില്‍ ആറിന് ഡല്‍ഹിയില്‍ കൂടിക്കാഴ്‌ച നടത്തി. 2018ല്‍ റഷ്യയില്‍ നിന്നും എസ്-400 മിസൈലുകള്‍ വാങ്ങാനുള്ള ഒരു കരാറില്‍ ഇന്ത്യ ഏര്‍പ്പെട്ടിരുന്നു. ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്നുള്ള അമേരിക്കയുടെ മുന്നറിയിപ്പുകളെ അവഗണിച്ചു കൊണ്ടായിരുന്നു ഈ കരാറില്‍ ഏര്‍പ്പെട്ടത്. ഈയിടെ നടന്ന വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്‌ചയും യുഎസിന്‍റെ ഈ മുന്നറിയിപ്പ് പരിഗണിക്കാനൊന്നും തയ്യാറായില്ല. ഒരു സംയുക്ത പ്രസ്‌താവനയില്‍ ഇന്ത്യയുടേയും റഷ്യയുടേയും വിദേശകാര്യ മന്ത്രിമാരായ ജയശങ്കറും സെര്‍ഗീ ലാവ്റോവും പ്രതിരോധ സഹകരണത്തെ കുറിച്ച് ഇരു രാജ്യങ്ങളുടേയും പ്രതിരോധ മന്ത്രിമാര്‍ വിശദമായ ചര്‍ച്ചകള്‍ നടത്തുമെന്ന് പ്രഖ്യാപിച്ചു. ബന്ധങ്ങളില്‍ പരസ്‌പര വിനിമയം ഉറപ്പാക്കുക എന്നുള്ള കാര്യത്തിലാണ് ഇരു രാജ്യങ്ങളും ശ്രദ്ധയൂന്നുന്നത് എന്നതായിരുന്നു ഈ പ്രസ്‌താവനയുടെ അർഥം.
വിള്ളൽ മാറ്റാനുള്ള ശ്രമങ്ങളിൽ ഇരു രാജ്യങ്ങളും
ബന്ധങ്ങള്‍ ശക്തിപ്പെടുത്തുവാനുള്ള സംയുക്ത ശ്രമങ്ങള്‍ ഇരു രാജ്യങ്ങള്‍ക്കും പരസ്‌പരം ഗുണം ചെയ്യുന്ന ഒന്നാണ്. സോവിയറ്റ് യൂണിയന്‍ ഛിന്നഭിന്നമായി പോകുന്നതിന് മുമ്പ് ഇന്ത്യയുടെ ഏക വിശ്വസനീയ പ്രതിരോധ സഖ്യം മോസ്‌കോയായിരുന്നു. ഏതാനും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും സോവിയറ്റ് യൂണിയന്റെ പിന്‍ഗാമി എന്ന നിലയ്ക്ക് ഇന്ത്യയുമായുള്ള സൗഹാർദപരമായ ബന്ധങ്ങള്‍ പുടിനും തുടര്‍ന്നു കൊണ്ടു പോയി. ആണവ, പ്രതിരോധ, ഊര്‍ജ്ജ മേഖലകളില്‍ റഷ്യയില്‍ നിന്നും സഹകരണം ഇന്ത്യയും ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ തങ്ങളുടെ സ്വന്തം പരിഗണനകളുടെ പേരില്‍ ചിലപ്പോഴൊക്കെ ഇന്ത്യയെ റഷ്യ കൈവിട്ട സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. ഇന്ത്യ സംഘടിപ്പിച്ച യുദ്ധവിമാനങ്ങളുടെ ഒരു ലേലത്തില്‍ റഷ്യയുടെ മിഗ് വിമാനങ്ങള്‍ പരാജയപ്പെട്ടതോടെ ഇന്ത്യക്കുള്ള ആണവ റിയാക്‌ടറുകളുടെ വിതരണത്തിനുള്ള മാര്‍ഗ നിർദേശങ്ങളില്‍ ഭേദഗതികള്‍ വരുത്തണമെന്ന് നിര്‍ബന്ധിക്കാന്‍ മോസ്‌കോ ആരംഭിച്ചു.
ഇന്ത്യ-ചൈന-റഷ്യ; ത്രികക്ഷി സഖ്യത്തിനൊരുങ്ങി പുടിൻ
18 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയും ചൈനയും റഷ്യയും ഉള്‍പ്പെടുന്ന ഒരു ത്രികക്ഷി സഖ്യം രൂപീകരിക്കണമെന്ന് പുടിന്‍ ശക്തമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് പുടിന്‍ ബെയ്‌ജിങ്ങുമായി വളരെ അധികം അടുത്തുകൊണ്ടിരിക്കുകയാണെന്ന് നിരീക്ഷിക്കപ്പെട്ടു. ചൈനയുടെ സാമ്പത്തിക സ്വാധീനവും റഷ്യയുടെ സൈനിക ശക്തിയും തളച്ചു കെട്ടുക എന്ന് ലക്ഷ്യമിട്ടുള്ള അമേരിക്കയുടെ നയങ്ങള്‍ പുടിനെയും ഷി ജിൻപിങിനെയും ഒരുപക്ഷെ കൂടുതല്‍ അടുപ്പിച്ചേക്കും. ഇന്‍ഡോ-പസഫിക് മേഖലയില്‍ റഷ്യ എടുത്തു വരുന്ന അക്രമോത്സുകമായ നിലപാട് ഈ മേഖലയിലെ അവരുടെ അയല്‍ രാജ്യങ്ങളിലെല്ലാം തന്നെ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. എന്നാല്‍ ഇതൊന്നും കണക്കിലെടുക്കാന്‍ ഒരു തരത്തിലും റഷ്യ തയ്യാറാകുന്നില്ല. അമേരിക്കയും ജപ്പാനും ഓസ്‌ട്രേലിയയും അടങ്ങുന്ന ക്വാഡ് എന്ന് വിളിക്കുന്ന നാല് രാഷ്‌ട്രങ്ങളുടെ സുരക്ഷാ സഹകരണത്തില്‍ ഇന്ത്യയും ചേര്‍ന്നിട്ടുണ്ട്.
ചൈനയില്‍ നിന്നുണ്ടാകുന്ന ഭീഷണിയാണ് ഇന്ത്യക്ക് ഇതിന് പ്രേരണയായി മാറിയത്. അതോടെ അമേരിക്കയുടെ കൈകളിലെ പാവയായി മാറുകയാണ് ഇന്ത്യയെന്ന് റഷ്യ ആരോപിക്കുന്നതിലേക്കും അത് നയിച്ചു. ഇന്ത്യ-റഷ്യ ബന്ധത്തിലെ വലിയ വിടവ് സൂചിപ്പിക്കുന്ന ഒരു പ്രസ്‌താവനയായിരുന്നു അത്. ഈ വിടവ് നിലനില്‍ക്കുകയോ, കൂടുതല്‍ വലുതാവുകയോ ചെയ്‌താൽ തീര്‍ച്ചയായും അതിന്‍റെ നേട്ടം ചൈനയ്ക്ക് തന്നെയായിരിക്കും. ഒരു രാജ്യവുമായുള്ള തങ്ങളുടെ തന്ത്രപരമായ ബന്ധം മറ്റൊരു രാജ്യവുമായുള്ള തങ്ങളുടെ ബന്ധം അകലുകയാണെന്ന് അർഥമാക്കുന്നില്ല എന്ന നയതന്ത്രപരമായ നിലപാട് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയും റഷ്യയുമായുള്ള വാണിജ്യ, നയതന്ത്ര ബന്ധങ്ങള്‍ ഒരേ തലത്തിലുള്ളതാക്കി മാറ്റുന്നതിനു വേണ്ടി തങ്ങളുടെ നയതന്ത്രങ്ങള്‍ക്ക് ഇന്ത്യ കൂടുതല്‍ മൂര്‍ച്ച നല്‍കേണ്ടത് ആവശ്യമാണ്. അതേ സമയം ചൈന അതിന്‍റെ പരിധികള്‍ ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടതും ഇന്ത്യയുടെ ആവശ്യമാണ്. രാജ്യത്തെ സംബന്ധിച്ചിടത്തോളം ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള ഒരു സംരക്ഷണ കവചം ഇത്തരം ഒരു നയതന്ത്ര മിടുക്കിലൂടെ മാത്രമേ കൈവരിക്കാന്‍ കഴിയുകയുള്ളൂ.