ന്യൂഡൽഹി :ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപംകൊണ്ടതിനെ തുടർന്ന് ഒഡിഷയിലും ആന്ധ്രയിലുമായി ദേശീയ ദുരന്തനിവാരണ സേനയുടെ (എൻഡിആർഎഫ്) 18 സംഘങ്ങളെ വിന്യസിച്ചതായി ഡയറക്‌ടർ ജനറൽ എസ്.എൻ പ്രധാൻ. ഒഡിഷയിൽ 13,ആന്ധ്രയിൽ അഞ്ച് എന്നിങ്ങനെ സംഘങ്ങളെ ശനിയാഴ്‌ച രാത്രിയോടെ വിന്യസിക്കുമെന്ന് പ്രധാൻ ട്വീറ്റ് ചെയ്‌തു.
കാലാവസ്ഥാവകുപ്പിന്‍റെ പ്രവചനമനുസരിച്ച് ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യതയുള്ള ഒഡിഷയിലെ ബാലസോർ, ഗഞ്ചം, ഗജപതി, റായഗഡ, കോരപുട്ട്, നയാഗഡ്, മൽകൻഗിരി ജില്ലകളിലായാണ് എൻഡിആർഎഫ് സംഘങ്ങളെ അയക്കുന്നത്. അതേസമയം ആന്ധ്രയിലെ വിശാഖപട്ടണം, ശ്രീകാകുളം, യാനം, വിജയനഗരം എന്നിവിടങ്ങളിൽ ടീമുകളെ വിന്യസിക്കും. ഒരു ടീമിൽ 47 അംഗങ്ങള്‍ എന്ന നിലയിലാണ് ഉദ്യോഗസ്ഥരെ തിരിച്ചിരിക്കുന്നത്. വൈദ്യസഹായമുൾപ്പെടെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായുള്ള ഉപകരണങ്ങളും ഓരോ സംഘവും കരുതിയിട്ടുണ്ട്.