ന്യൂഡല്‍ഹി : രാജ്യതലസ്ഥാനത്ത് ചൊവ്വാഴ്‌ച നടക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിന്‍റെ (NDA) യോഗത്തില്‍ 38 പാര്‍ട്ടികള്‍ പങ്കെടുക്കുമെന്നറിയിച്ച് ബിജെപി അധ്യക്ഷൻ ജെ.പി നദ്ദ. വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ മുന്നോടിയായി എന്‍ഡിഎ മുന്നണി വിളിച്ചുചേര്‍ക്കുന്ന യോഗത്തില്‍ ഇതിനോടകം 38 പാര്‍ട്ടികളുടെ നേതാക്കള്‍ തങ്ങളുടെ പങ്കാളിത്തം ഉറപ്പുനല്‍കിയതായി തിങ്കളാഴ്ച നടത്തിയ വാർത്താസമ്മേളനത്തില്‍ നദ്ദ വ്യക്തമാക്കി. അതേസമയം ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ രണ്ടാംഘട്ട യോഗം ബെംഗളൂരുവില്‍ നടക്കുന്ന ദിവസം തന്നെയാണ് എന്‍ഡിഎയുടേതും എന്നത് ശ്രദ്ധേയമാണ്.
യോഗം എന്തിന് :നരേന്ദ്രമോദി സർക്കാരിന്‍റെ പദ്ധതികളുടെയും നയങ്ങളുടെയും ഗുണപരമായ സ്വാധീനം മൂലം എൻഡിഎ ഘടകകക്ഷികൾ ഉത്സാഹത്തിലാണെന്ന് ജെ.പി നദ്ദ പറഞ്ഞു. അടുത്തിടെ മഹാരാഷ്‌ട്രയില്‍ കണ്ട രാഷ്‌ട്രീയ നാടകങ്ങളെല്ലാം പരിഗണിച്ചാല്‍, നടക്കാനിരിക്കുന്ന എൻഡിഎ യോഗത്തിൽ പുതുതായുള്ള ബിജെപി സഖ്യകക്ഷികളുടെ സാന്നിധ്യവും പ്രതീക്ഷിക്കുന്നുണ്ട്. ഇവരെ മുന്നണിയുമായി കുറച്ചുകൂടി അടുപ്പിക്കുക എന്നതിനൊപ്പം നിലവില്‍ എന്‍ഡിഎയുമായി പിണങ്ങി നില്‍ക്കുന്ന പാര്‍ട്ടികളെ അടുപ്പിക്കുക എന്നതും യോഗത്തിന്‍റെ പ്രധാന ഉദ്ദേശങ്ങളിലൊന്നാണ്.
കൈകോര്‍ത്ത് പ്രതിപക്ഷം :എന്നാല്‍ 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയെ തോല്‍പ്പിക്കാനുള്ള തന്ത്രങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടിക്കൊണ്ട് പ്രതിപക്ഷ പാര്‍ട്ടികളുടെ രണ്ടാമത്തെ യോഗം ബെംഗളൂരുവില്‍ ഇന്നും നാളെയുമായി നടക്കുകയാണ്. യോഗത്തിന് മുമ്പേ തന്നെ ബിജെപിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. പ്രതിപക്ഷത്തിന്‍റെ ശക്തിക്കെതിരെ പോരാടാന്‍ ബിജെപിയുടെ ആക്കം നഷ്‌ടപ്പെട്ടുവെന്നും അതുകൊണ്ടാണ് പ്രതിപക്ഷ നേതാക്കളുടെ ശബ്‌ദം ഇല്ലാതാക്കാന്‍ അവര്‍ ഏജൻസികളെ ഉപയോഗിക്കുന്നതെന്നുമായിരുന്നു കോണ്‍ഗ്രസിന്‍റെ സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്‍റെ വിമര്‍ശനം.