ന്യൂഡല്‍ഹി: കുട്ടികള്‍ തങ്ങളുടെ വികാരവും ചിന്തകളും പങ്കുവയ്‌ക്കുന്നതില്‍ മടി കാണിക്കാതിരിക്കണമെങ്കില്‍ മാതാപിതാക്കള്‍ കുട്ടികളുടെ ലിവ്-ഇന്‍ റിലേഷന്‍ഷിപിനെ പിന്തുണക്കണമെന്ന് ദേശീയ വനിത കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ. രാജ്യത്ത് അടുത്തിടെ സ്‌ത്രീകള്‍ ലിവ്-ഇന്‍ പങ്കാളികളാല്‍ ക്രൂരമായി കൊല്ലപ്പെട്ട സംഭവങ്ങളില്‍ പ്രതികരിച്ചായിരുന്നു രേഖ ശര്‍മയുടെ പ്രസ്‌താവന. ഈ കേസുകളില്‍ ഒന്നും മാതാപിതാക്കള്‍ അവരുടെ മക്കള്‍ ലിവ്-ഇന്‍ റിലേഷന്‍ഷിപ്പില്‍ ആയിരുന്നതിനെ പിന്തുണച്ചിരുന്നില്ലെന്നും ദേശീയ വനിത കമ്മിഷന്‍ അധ്യക്ഷ ചൂണ്ടിക്കാട്ടി.
'നിക്കി യാദവിന്‍റെ കേസില്‍ മറ്റൊരു വിവാഹം കഴിക്കാൻ യുവാവിന്‍റെ മാതാപിതാക്കൾ സമ്മർദം ചെലുത്തുകയായിരുന്നു. മാതാപിതാക്കൾ അവരുടെ കുട്ടിയുടെ ഇഷ്‌ടങ്ങളെ പിന്തുണയ്ക്കുകയും അതിനെ ബഹുമാനിക്കുകയും വേണം. ശ്രദ്ധയുടെ കാര്യത്തിൽ പോലും കുടുംബം അവളുമായി ബന്ധപ്പെട്ടിരുന്നില്ല എന്നത് വ്യക്തമാണ്', രേഖ ശർമ മാധ്യമങ്ങളോട് പറഞ്ഞു.
'തങ്ങളുടെ കുട്ടികള്‍ ലിവ്-ഇന്‍ റിലേഷന്‍ഷിപ്പില്‍ ആണെങ്കില്‍ മാതാപിതാക്കള്‍ അവരെ പിന്തുണയ്‌ക്കണം. നമ്മുടെ കുട്ടികളോട് നമ്മള്‍ ബഹുമാനത്തോടെ പെരുമാറുന്നു എന്ന് ഉറപ്പു വരുത്തുകയും അവരെ നമ്മുടെ സ്വത്ത് ആയി കണക്കാക്കുന്നതില്‍ നിന്ന് വിട്ട് നില്‍ക്കുകയും വേണം. എങ്കില്‍ മാത്രമേ അവരുടെ ചിന്തകള്‍ മാതാപിതാക്കളുമായി അവര്‍ പങ്കുവയ്‌ക്കുകയുള്ളൂ. കുട്ടികളെ, പ്രത്യേകിച്ച് പ്രായപൂര്‍ത്തി ആയതിന് ശേഷം, നമ്മുടെ സുഹൃത്തുക്കളായി കണക്കാക്കേണ്ടത് വളരെ പ്രധാനമാണ്. നമ്മളില്‍ ഒരു വിശ്വാസം അവര്‍ക്ക് ഉണ്ടാകണം', രേഖ ശര്‍മ വ്യക്തമാക്കി.
നിക്കി യാദവ് കൊല കേസ്: ഫെബ്രുവരി 10നാണ് ശ്രദ്ധ വാക്കര്‍ കൊലപാതകത്തിന് സമാനമായി നിക്കി യാദവിനെ ലിവ്-ഇന്‍ പങ്കാളി സാഹില്‍ ഗെലോട്ട് കൊലപ്പെടുത്തിയത്. കാറില്‍ വച്ച് മൊബൈല്‍ ഫോണ്‍ കേബിള്‍ കഴുത്തില്‍ മുറുക്കിയാണ് 24 കാരിയായ നിക്കിയെ സാഹില്‍ കൊല ചെയ്‌തത്. ശേഷം മൃതദേഹം ഡല്‍ഹിയിലെ മിത്രോണ്‍ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന തന്‍റെ ധാബയിലെ റഫ്രിജറേറ്ററില്‍ ഇയാള്‍ ഒളിപ്പിച്ചു.