ന്യൂഡൽഹി : 2021ലെ കൊവിഡ് കാലഘട്ടത്തിൽ രാജ്യത്തുടനീളം 1,64,033 പേർ ആത്മഹത്യ ചെയ്‌തിട്ടുള്ളതായി നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ (എൻ.സി.ആർ.ബി) റിപ്പോർട്ട്. പ്രതിദിന വേതനക്കാർ, സ്വയം തൊഴിൽ ചെയ്യുന്നവർ, തൊഴിൽ രഹിതർ, കാർഷിക മേഖലയിൽ ഏർപ്പെട്ടിരിക്കുന്നവർ തുടങ്ങിയവരാണ് ആത്മഹത്യ ചെയ്‌തവരിൽ അധികവും. ആകെ ആത്മഹത്യകളിൽ 1,18,979 പേർ പുരുഷൻമാരാണ്. ഈ കാലയളവിൽ 45,026 സ്ത്രീകളാണ് രാജ്യത്തുടനീളം ജീവനൊടുക്കിയത്.
ഇതിൽ ദിവസ വേതനക്കാർ (37,751), സ്വയം തൊഴിൽ ചെയ്യുന്നവർ (18,803), തൊഴിൽ രഹിതർ (11,724) എന്നിങ്ങനെയാണ് ആത്മഹത്യ ചെയ്‌തവരുടെ എണ്ണം. 5,318 കർഷകരും 5,563 കാർഷിക മേഖലയുമായി ബന്ധപ്പെട്ട തൊഴിലാളികളും ഉൾപ്പെടെ 10,881 പേർ കാർഷിക മേഖലയിൽ നിന്ന് ജീവനൊടുക്കിയിട്ടുണ്ട്. ഇത് രാജ്യത്തെ മൊത്തം ആത്മഹത്യ ഇരകളിൽ 6.6 ശതമാനമാണ്.
ജീവനൊടുക്കിയ 5,318 കർഷരിൽ 5,107 പുരുഷന്മാരും 211 സ്‌ത്രീകളുമാണ്. കാർഷിക മേഖലയുമായി ബന്ധപ്പെട്ട 5,563 ആത്മഹത്യകളിൽ 5,121 പുരുഷന്മാരും 442 സ്ത്രീകളുമാണ്. മഹാരാഷ്ട്ര (37.3 ശതമാനം), കർണാടക (19.9 ശതമാനം), ആന്ധ്രാപ്രദേശ് (9.8 ശതമാനം), മധ്യപ്രദേശ് (6.2 ശതമാനം), തമിഴ്‌നാട് (5.5 ശതമാനം) എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് ഏറ്റവുമധികം കർഷകർ ആത്മഹത്യ ചെയ്‌തിട്ടുള്ളത്.