ന്യൂഡല്‍ഹി : കൊവിഡ് ബാധിച്ച് മരിച്ച മാതാപിതാക്കളുടെ കുട്ടികളെ നേരിട്ട് ദത്തെടുക്കാമെന്ന സമൂഹമാധ്യമങ്ങളിലെ പരസ്യങ്ങളില്‍ വിശദീകരണം തേടിദേശീയ ബാലാവകാശ കമ്മിഷൻ. ഇത്തരം പരസ്യങ്ങളുടെ ഉറവിടം ഉടൻ അറിയിക്കണമെന്ന് കമ്മിഷൻ സമൂഹമാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
വാട്ട്‌സ് ആപ്പ്, ട്വിറ്റര്‍, ഫേസ്‌ബുക്ക്, ടെലഗ്രാം എന്നിവയ്‌ക്കാണ് കമ്മിഷൻ കത്തയച്ചിരിക്കുന്നത്. 10 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ട കമ്മിഷൻ, തരാത്ത പക്ഷം കടുത്ത നിയമനടപടികള്‍ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും നല്‍കി.
കുറച്ച് നാളുകളായി സമൂഹമാധ്യമങ്ങളില്‍, കൊവിഡ് ബാധിച്ച് മരിച്ച ആളുകളുടെ അനാഥരായ കുട്ടികളെ ദത്തെടുക്കുന്നത് സംബന്ധിച്ച് പരസ്യങ്ങള്‍ വരുന്നുണ്ട്. ഇത് സംബന്ധിച്ച് ലഭിച്ച പരാതിയിലാണ് കമ്മിഷൻ നടപടിയെടുത്തിരിക്കുന്നത്.
also read:ഡൽഹിയിൽ കൊവിഡ് മൂലം അനാഥരായ 32 കുട്ടികളെ കണ്ടെത്തി ബാലാവകാശ കമ്മിഷൻ
ജുവനൈൽ ജസ്റ്റിസ് ആക്റ്റ് 2015 ലെ വ്യവസ്ഥകൾ പ്രകാരം മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ പരിചരണവും സംരക്ഷണവും ഏറ്റെടുക്കുന്നതിന് കര്‍ശന നടപടി ക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. അവ പാലിക്കാതെ സംഭവിക്കുന്ന എല്ലാ ദത്തെടുക്കലും നിയമവിരുദ്ധവും ജുവനൈൽ ജസ്റ്റിസ് ആക്ട് 2015 ലെ സെക്ഷൻ 80, 81 എന്നീ വകുപ്പുകളുടെ ലംഘനമാണെന്നും സമൂഹമാധ്യമങ്ങള്‍ക്കയച്ച കത്തില്‍ കമ്മിഷൻ വ്യക്തമാക്കുന്നു. .
അനാഥരായ കുട്ടികളുടെ കാര്യത്തില്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതിയും ഇടപെട്ടിരുന്നു. കൊവിഡും ലോക്ക്‌ഡൗണും നിലനില്‍ക്കെ മാതാപിതാക്കള്‍ മരിച്ച് അനാഥരായ കുട്ടികളുടെ കാര്യത്തില്‍ അടിയന്തര നടപടിയെടുക്കാൻ സുപ്രീം കോടതി കേന്ദ്ര- സംസ്ഥാന സർക്കാരുകള്‍ക്ക് നിർദേശം നല്‍കിയിട്ടുണ്ട്.