മുംബൈ:മഹാരാഷ്‌ട്രയില്‍ ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്ത വിമത എന്‍സിപി നേതാവ് അജിത് പവാറിന് ഏക്‌നാഥ് ഷിന്‍ഡെ മന്ത്രിസഭയില്‍ ധനകാര്യ വകുപ്പ് ലഭിച്ചേക്കുമെന്ന് സൂചന. എന്‍ഡിഎയില്‍ ചേര്‍ന്ന അജിത് പവാര്‍ ഇന്നലെ (03 ജൂലൈ) ദിവസം ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസുമായി വകുപ്പ് വിഹിതം സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയിരുന്നു. ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെ ഔദ്യോഗിക വസതിയിലായിരുന്നു ഇവരുടെ കൂടിക്കാഴ്‌ച.
അജിത് പവാറിനൊപ്പം എട്ട് എന്‍സിപി നേതാക്കളും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തിട്ടുണ്ട്. മുന്‍പ് വിവിധ മന്ത്രിസഭകളില്‍ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്‌തിട്ടുള്ള വ്യക്തി കൂടിയാണ് അജിത് പവാര്‍. ഉപമുഖ്യമന്ത്രി ആയിരുന്ന ദേവേന്ദ്ര ഫഡ്‌നാവിസ് കൈകാര്യം ചെയ്‌തിരുന്ന ധനകാര്യവകുപ്പ് നിലവില്‍ അജിത് പവാറിന് ലഭിച്ചേക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
സാധ്യതകള്‍ ഇങ്ങനെ:ജലവിഭവവകുപ്പ്, വൈദ്യുതി, ധനകാര്യം എന്നീ വകുപ്പുകളാണ് അജിത് പവാര്‍ മുന്‍പ് വിവിധ സര്‍ക്കാരുകളില്‍ കൈകാര്യം ചെയ്‌തിട്ടുള്ളത്. ഷിന്‍ഡെ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തിനൊപ്പം ധനകാര്യ വകുപ്പും അദ്ദേഹത്തിന് ലഭിക്കാനാണ് സാധ്യത. ഒബിസി നേതാവായ ഛഗൻ ഭുജ്ബലിന് ഭക്ഷ്യ സിവിൽ സപ്ലൈസും ഉപഭോക്തൃ കാര്യ വകുപ്പും ലഭിച്ചേക്കാം.
മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രി കൂടിയായ ദിലീപ് വാൽസെ പാട്ടീലിന് ഭവനവകുപ്പ് ലഭിക്കാനാണ് സാധ്യത. കോലാപ്പൂർ ജില്ലയിൽ നിന്നുള്ള ഹസൻ മുഷ്‌രിഫിന് ന്യൂനപക്ഷ വകുപ്പ് നൽകിയേക്കും. അന്തരിച്ച ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെയുടെ അനന്തരവൻ ധനഞ്ജയ് മുണ്ടെ കായിക യുവജനക്ഷേമ മന്ത്രിയാകാനാണ് സാധ്യത.