ന്യൂഡല്‍ഹി : 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനായി പ്രതിപക്ഷത്തെ സജ്ജമാക്കാന്‍ എന്‍സിപി അധ്യക്ഷൻ ശരദ് പവാർ. ബിജെപിയെ നേരിടാന്‍ പ്രതിപക്ഷ സഖ്യത്തിന്റെ പൊതു മിനിമം പരിപാടി മുന്‍നിര്‍ത്തി മത്സരിക്കാന്‍ എൻസിപി തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. ഹരിയാനയിൽ എന്‍സിപിയിലേക്കെത്തിയ നേതാക്കള്‍ക്ക് ഇന്ന് (31.08.2022) നല്‍കിയ സ്വീകരണത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഭിന്നതകള്‍ മാറ്റി ബിജെപി വിരുദ്ധ ചേരിയില്‍ അണിനിരക്കൂ' ; പ്രതിപക്ഷ പാര്‍ട്ടികളോട് ശരദ് പവാര്‍
ഭിന്നതകള്‍ മാറ്റിവച്ച് 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനായി ബിജെപി വിരുദ്ധ ചേരിയുടെ ഭാഗമാകാന്‍ പ്രതിപക്ഷ പാര്‍ട്ടികളോട് ആഹ്വാനം ചെയ്‌ത് എന്‍സിപി അധ്യക്ഷൻ ശരദ് പവാർ
ഭിന്നതകൾ മാറ്റിവച്ച് 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപി വിരുദ്ധ ചേരിയില്‍ അണിനിരക്കണമെന്ന് പവാർ പ്രതിപക്ഷ പാർട്ടികളോട് ആവശ്യപ്പെട്ടു. ബിജെപി ഇതര കക്ഷികളെ ഒന്നിപ്പിച്ച് ദേശീയ തലത്തിൽ പൊതു ബദല്‍ സൃഷ്‌ടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം നേരത്തേ അറിയിച്ചിരുന്നു. അതേസമയം, പ്രായമായതിനാൽ പുതുതായി ഒരു ഉത്തരവാദിത്തവും ഏറ്റെടുക്കാൻ താൽപ്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നരേന്ദ്ര മോദി സർക്കാരിനെ കടന്നാക്രമിക്കാനും അദ്ദേഹം മറന്നില്ല. 2014 മുതൽ നരേന്ദ്ര മോദി നൽകിയ 'അച്ഛേ ദിന്‍' ഉള്‍പ്പടെയുള്ള വാഗ്ദാനങ്ങള്‍ പാലിക്കുന്നതിൽ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് പവാർ ആരോപിച്ചു. ചെറിയ പാർട്ടികളെ അധികാരത്തിൽ നിന്ന് അകറ്റി നിർത്തുകയാണ് ബിജെപിയുടെ അജണ്ടയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.