ലഖ്‌നൗ:പന്ത്രണ്ടാം ക്ലാസ് ചരിത്ര പുസ്‌തകത്തിലെ പാഠ്യപദ്ധതിയിൽ നിന്ന് മുഗൾ സാമ്രാജ്യത്തെക്കുറിച്ചുള്ള ഭാഗങ്ങൾ ഒഴിവാക്കി എൻസിഇആർടി (നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ്). ഉത്തർപ്രദേശിലെ സിബിഎസ്ഇ 12ാം ക്ലാസ് വിദ്യാർഥികളുടെ സിലബസിൽ നിന്നാണ് മുഗൾ ചരിത്രത്തെക്കുറിച്ചുള്ള അധ്യായം നീക്കം ചെയ്‌തത്. എൻസിഇആർടി നടപടി ശരിവയ്‌ക്കുന്നുവെന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പതക് അറിയിച്ചു.
'എൻസിഇആർടി പുസ്‌തകങ്ങൾ ഉപയോഗിച്ചാണ് ഞങ്ങൾ വിദ്യാർഥികളെ പഠിപ്പിക്കുന്നത്. പുതുക്കിയ പതിപ്പിൽ ഉള്ളത് എന്താണോ അത് പിന്തുടരും.' - ബ്രജേഷ് പതക് പറഞ്ഞു. അഡീഷണൽ ചീഫ് സെക്രട്ടറി (Basic and secondary education) ദീപക് കുമാറും ഇത് സ്ഥിരീകരിച്ചു. തങ്ങൾ എൻസിഇആർടി പുസ്‌തകങ്ങൾ പിന്തുടരുന്നു. പുതുക്കിയ പതിപ്പിൽ ലഭ്യമായ സെഷൻ സ്‌കൂളുകളിൽ പഠിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
വിശദീകരണവുമായി എൻസിഇആർടി:പാഠപുസ്‌തകങ്ങളിലെ ഉള്ളടക്കം യുക്തിസഹമാക്കിയിട്ടുണ്ടെന്ന് എൻസിഇആർടി വ്യക്തമാക്കി. ഒരേ ക്ലാസിലെ മറ്റ് വിഷയങ്ങളിലോ താഴ്ന്ന അല്ലെങ്കിൽ ഉയർന്ന ക്ലാസുകളിലെ വിഷയത്തിലോ സമാന ഉള്ളടക്കമുണ്ടെങ്കിലോ അതാണ് ഒഴിവാക്കുന്നത്. മാത്രമല്ല, വിദ്യാർഥികൾക്ക് എളുപ്പത്തിൽ മനസിലാക്കാന്‍ കഴിയുന്നതും അധ്യാപകർ പഠിപ്പിക്കേണ്ടതില്ലാത്തതും സമപ്രായക്കാരിൽ നിന്ന് പഠിക്കാവുന്നതോ ആയ ഉള്ളടക്കവും പാഠ്യപദ്ധതിയിൽ നിന്ന് നീക്കം ചെയ്‌തെന്ന് എൻസിഇആർടി അറിയിച്ചു.
12-ാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് പാഠപുസ്‌തകത്തിൽ നിന്ന് 'ഇന്ത്യൻ രാഷ്ട്രീയത്തിലെ സമീപകാല സംഭവവികാസങ്ങൾ' (Recent Developments in Indian Politics) എന്ന അധ്യായത്തിൽ നിന്ന് 'ഗുജറാത്ത് കലാപം' ('Gujarat Riots) എന്ന വിഷയം ഒഴിവാക്കിയതും ഇക്കാര്യത്തിൽ എടുത്തുപറയേണ്ടതാണ്. 2002ലെ ഗുജറാത്ത് വംശഹത്യയിലെ ദേശീയ മനുഷ്യാവകാശ കമ്മിഷൻ റിപ്പോർട്ടിനെക്കുറിച്ചും പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ 'രാജ് ധർമ' പരാമർശത്തെക്കുറിച്ചുമുള്ള ഉള്ളടക്കം ഒഴിവാക്കിയിട്ടുണ്ട്. മാത്രമല്ല, പൊളിറ്റിക്കൽ സയൻസ് സിലബസിൽ നിന്ന് ദളിത് പ്രസ്ഥാനത്തെക്കുറിച്ചുള്ള ഒരു കവിതയും ഒഴിവാക്കിയിട്ടുണ്ട്.