ന്യൂഡല്‍ഹി:പത്താം ക്ലാസ് സിലബസില്‍ കടുംവെട്ടുമായി നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആന്‍ഡ് ട്രെയിനിങ് (എന്‍സിഇആര്‍ടി). ജനാധിപത്യവുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍, പീരിയോഡിക് ടേബിള്‍, പരിണാമ സിദ്ധാന്തം, ഊർജസ്രോതസുകൾ എന്നിവയാണ് എന്‍സിഇആര്‍ടി പത്താം ക്ലാസിന്‍റെ സിലബസില്‍ നിന്നും ഒഴിവാക്കിയത്. വിദ്യാര്‍ഥികളുടെ പഠനഭാരം കുറയ്‌ക്കുന്നതിനുള്ള 'യുക്തിസഹമായ' തീരുമാനമാണിതെന്നാണ് എന്‍സിഇആര്‍ടിയുടെ വിശദീകരണം.
ഒഴിവാക്കിയവ ഇവയെല്ലാം: മൂലകങ്ങളുടെ പീരിയോഡിക് ക്ലാസിഫിക്കേഷന്‍, ഊര്‍ജസ്രോതസുകള്‍, പ്രകൃതി വിഭവങ്ങളുടെ സുസ്ഥിര മാനേജ്‌മെന്‍റ് എന്നിവയാണ് ശാസ്‌ത്ര പാഠപുസ്‌തകത്തില്‍ നിന്നും നീക്കം ചെയ്‌ത ഭാഗങ്ങള്‍. സാമൂഹ്യ ശാസ്‌ത്ര പാഠപുസ്‌തകത്തില്‍ നിന്നും ജനാധിപത്യ രാഷ്‌ട്രീയം ഒന്നിന് കീഴില്‍ വരുന്ന ജനകീയ സമരങ്ങളും പ്രസ്ഥാനങ്ങളും, രാഷ്‌ട്രീയ പാർട്ടികളും ജനാധിപത്യത്തിനെതിരായ വെല്ലുവിളികളും ഉള്‍പ്പടെയുള്ള മൂന്ന് അധ്യായങ്ങളാണ് ഒഴിവാക്കിയത്. അതുകൊണ്ടുതന്നെ ഇനിമുതല്‍ പ്ലസ് ടു തലത്തില്‍ സയന്‍സ് തെരഞ്ഞെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മാത്രമെ പീരിയോഡിക് ടേബിള്‍ പഠിക്കാനാവൂ. ഒഴിവാക്കിയ മറ്റ് പാഠഭാഗങ്ങള്‍ പഠിക്കാന്‍ പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിലെ ഭൂമിശാസ്‌ത്ര പാഠപുസ്‌തകവും പരതേണ്ടിവരും.
ഈ പാഠഭാഗങ്ങള്‍ കൂടിയെത്തുന്നതും പത്താം ക്ലാസിൽ ആരംഭിച്ചതിന്‍റെ തുടർച്ചയുമാവുമ്പോള്‍ ഉയർന്ന ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഇത് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് പഠന വിദഗ്‌ധരുടെ വിലയിരുത്തല്‍. എന്നാല്‍ നീക്കം ചെയ്‌ത പാഠഭാഗങ്ങള്‍ സ്വയം പഠിക്കാവുന്നതും സമപ്രായക്കാര്‍ മുഖേന എളുപ്പത്തിൽ മനസിലാക്കാൻ കഴിയുന്നതുമെന്നാണ് എന്‍സിഇആര്‍ടി ഉയര്‍ത്തുന്ന മറുവാദം.
ഒഴിവാക്കലുകള്‍ മുമ്പും:പത്താം ക്ലാസിലെ പാഠപുസ്‌തകത്തിൽ നിന്ന് നേരത്തെ തന്നെ പരിണാമ സിദ്ധാന്തം ഒഴിവാക്കിയിരുന്നു. ഇതില്‍ എൻസിഇആർടി അക്കാദമിക് വിദഗ്‌ധരിൽ നിന്നുതന്നെ വിമർശനവും ഉയര്‍ന്നിരുന്നു. എന്‍സിഇആര്‍ടിയുടെ നീക്കത്തില്‍ 1,800 അധ്യാപകര്‍ കൗൺസിലിന് തുറന്ന കത്തെഴുതിയതായി റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. എന്നാല്‍ ഇത് കുപ്രചരണമാണെന്നറിയിച്ച് കേന്ദ്രസർക്കാർ തള്ളിക്കളയുകയായിരുന്നു.
ഡാർവിന്‍റെ പരിണാമ സിദ്ധാന്തത്തെക്കുറിച്ച് അറിയാൻ ഉത്സാഹമുള്ള വിദ്യാർഥികൾക്ക് വെബ്‌സൈറ്റുകളിൽ നിന്ന് അത് കണ്ടെത്തി പഠിക്കാമെന്നും അല്ലെങ്കിൽ പന്ത്രണ്ടാം ക്ലാസിൽ പഠിക്കാമെന്നുമായിരുന്നു കേന്ദ്രത്തിന്‍റെ പ്രതികരണം. പഠനഭാരം കുറയ്‌ക്കണമെന്ന ആവശ്യകത ചൂണ്ടിക്കാണിച്ച് ആറ്, ഏഴ്, എട്ട് ക്ലാസുകളിലെ സിലബസില്‍ നിന്നും ഫൈബര്‍ ആന്‍ഡ് ഫാബ്രിക്‌സ് ഉള്‍പ്പടെയുള്ള പാഠഭാഗങ്ങള്‍, ആറാം ക്ലാസിലെ ചരിത്ര പാഠപുസ്‌തകത്തില്‍ നിന്ന് ഗാന്ധിയും ചര്‍ക്കയും, ഒമ്പതാം ക്ലാസിലെ ശാസ്‌ത്ര പാഠപുസ്‌തകത്തില്‍ നിന്ന് 'എന്തുകൊണ്ടാണ് നമുക്ക് അസുഖം വരുന്നത്' എന്നതുള്‍പ്പടെയുള്ള പാഠഭാഗങ്ങളും ഇവ കൂടാതെ നീക്കം ചെയ്‌തിരുന്നു.
വിമര്‍ശനവുമായി വിദഗ്‌ധര്‍:സിലബസില്‍ നിന്നും പീരിയോഡിക് ടേബിള്‍ ഉള്‍പ്പടെയുള്ള പാഠഭാഗങ്ങള്‍ നീക്കം ചെയ്‌തതിനെ വിമര്‍ശിച്ച് ബ്രിട്ടീഷ് ജീവശാസ്‌ത്രജ്ഞനും 'ദി സെൽഫിഷ് ജീൻ' എന്ന പുസ്‌തകത്തിന്‍റെ രചയിതാവുമായ റിച്ചാർഡ് ഡോക്കിൻസ് രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ മതേതര തുടക്കങ്ങളില്‍ ബിജെപി ദാരുണമായ അപമാനമാണെന്ന് ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. അതേസമയം 'നിങ്ങൾ ഇപ്പോൾ പ്രവർത്തിച്ചില്ലെങ്കിൽ,ഇരുണ്ട യുഗത്തിലേക്ക് നയിക്കപ്പെടും' എന്ന മുന്നറിയിപ്പായിരുന്നു യുകെ ആസ്ഥാനമായുള്ള ഫോറൻസിക് നരവംശശാസ്‌ത്ര വിദഗ്‌ധന്‍ ഡോ. നമ്രത ദത്തയുടെ പ്രതികരണം.
Also read: ചരിത്രത്തില്‍ നിന്നും മുഗൾ സാമ്രാജ്യം പുറത്ത്; യുപിയില്‍ പാഠപുസ്‌തകം പരിഷ്‌കരിച്ച് എൻസിഇആർടി