മുംബൈ : ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടിയെക്കുറിച്ച് അന്വേഷിക്കുന്ന എൻസിബി ഉദ്യോഗസ്ഥൻ സമീർ വാങ്കഡെക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളിൽ അന്വേഷണം. എന്‍സിബി തന്നെയാണ് ആക്ഷേപങ്ങള്‍ പരിശോധിക്കുന്നത്. ഒന്നും പറയാറായിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചിട്ടേയുള്ളൂവെന്നും എൻസിബി ഡെപ്യൂട്ടി ഡയറക്‌ടർ ജനറൽ ഗ്യാനേശ്വർ സിങ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സമീർ വാങ്കഡെക്കെതിരെ പ്രഭാകര്‍ സെയ്ല്‍ രംഗത്തെത്തിയത്. കേസില്‍ സമീർ വാങ്കഡെയും അന്വേഷണ ഉദ്യോഗസ്ഥനായ കെ.പി. ഗോസാവിയും ഗൂഢാലോചന നടത്തുന്നതും പണം കൈമാറുന്നതും കണ്ടെന്നാണ് പ്രഭാകര്‍ സെയ്‌ലിന്‍റെ ആരോപണം. കെ.പി. ഗോസാവിയുടെ അംഗ രക്ഷകരിലൊരാളാണ് പ്രഭാകര്‍ സെയ്ല്‍.
ലഹരിമരുന്ന് കേസിൽ നിന്ന് ആര്യൻ ഖാനെ ഒഴിവാക്കാനായി സമീർ വാങ്കഡെ 25 കോടി ആവശ്യപ്പെട്ടെന്നാണ് പ്രഭാകര്‍ സെയ്‌ലിന്‍റെ ആരോപണം. ഇതിനകം പുറത്തുവന്ന വിവരങ്ങൾ ഞെട്ടിക്കുന്നതാണെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് ആരോപിച്ചു.
കളളപ്പണ ഇടപാടുകൾ നടത്തി കുപ്രസിദ്ധനാണ് സാം ഡീസൂസ. ഇയാളുമായി ചേര്‍ന്ന് വലിയ നീക്കമാണ് നടന്നതെന്നും ദേശഭക്തിയുടെ പേരിൽ കള്ളപ്പണം വെളുപ്പിക്കുന്നതിന് വ്യാജ കേസുകൾ എടുക്കുന്നുവെന്നും റാവത്ത് പറഞ്ഞു.