ശ്രീനഗര്‍:നാഷണല്‍ കോണ്‍ഫറൻസ് അധ്യക്ഷനും എംപിയുമായ ഫാറൂഖ് അബ്ദുള്ളയുടെ വസതിയില്‍ എൻസി നേതാക്കൾ യോഗം ചേര്‍ന്നു. വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കുന്നതിന് മുന്നോടിയായാണ് നേതാക്കളുടെ കൂടിക്കാഴ്‌ച.
യോഗത്തില്‍ പങ്കെടുക്കുന്നവര്‍
സര്‍വകക്ഷി യോഗത്തിൽ പങ്കെടുക്കാൻ ഗുപ്‌കാർ സഖ്യം തീരുമാനിച്ചിട്ടുണ്ട്. സഖ്യത്തെ പ്രതിനിധാനം ചെയ്‌ത് നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഡോ. ഫറൂഖ് അബ്‌ദുള്ള, പിഡിപി അധ്യക്ഷ മെഹ്‌ബൂബ മുഫ്‌തി, സിപിഎം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമി എന്നിവർ പങ്കെടുക്കും.
ശ്രീനഗറിൽ ചൊവ്വാഴ്‌ച യോഗം ചേർന്ന ഗുപ്‌കാർ സഖ്യം ജമ്മു–കശ്‌മീരിന്‍റെ പ്രത്യേക പദവി പുനഃസ്ഥാപിക്കേണ്ടതിന്‍റെ ആവശ്യകത കേന്ദ്രത്തിന് മുമ്പാകെ ഉന്നയിക്കാനും തീരുമാനമെടുത്തിരുന്നു. സംസ്ഥാന പദവി പുനഃസ്ഥാപിക്കൽ, രാഷ്ട്രീയ തടവുകാരെ വിട്ടയക്കൽ തുടങ്ങിയ ആവശ്യങ്ങളും മുന്നോട്ടുവയ്‌ക്കും.
Read More..........ഫാറൂഖ് അബ്ദുള്ളയുടെ വസതിയില്‍ എൻസി നേതാക്കളുടെ യോഗം
ന്യൂഡൽഹിയിൽ നാളെ നടക്കുന്ന യോഗത്തിൽ പ്രധാനമന്ത്രിക്കു പുറമേ ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് തുടങ്ങിയവർ പങ്കെടുക്കും. 2019 ഓഗസ്റ്റ് അഞ്ചിനാണ് കശ്മീരിന്‍റെ സംസ്ഥാന പദവി എടുത്തുകളഞ്ഞ് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചത്. അതിനുശേഷം കശ്‌മീരിന് സംസ്ഥാന പദവി പുന:സ്ഥാപിക്കാനുള്ള ആദ്യ ശ്രമമാണിത്. പ്രത്യേക അജണ്ട നിശ്ചയിച്ചിട്ടില്ലാത്ത യോഗത്തിൽ കശ്മീരിലെ നേതാക്കൾക്ക് അവരുടെ അഭിപ്രായം അറിയിക്കാൻ അവസരം ലഭിക്കും.