കേരളം

kerala

ETV Bharat / bharat

നയന്‍താരയുടെ 'ജവാന്‍' ലുക്ക് പുറത്ത് ; കൊടുങ്കാറ്റിന് മുമ്പുള്ള ഇടിമുഴക്കമെന്ന് ഷാരൂഖ് - അറ്റ്‌ലി

ജവാനിലെ നയന്‍താരയുടെ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ പുറത്ത്. ഷാരൂഖ് ഖാന്‍ ആണ് നയന്‍താരയുടെ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്

bനയന്‍താരയുടെ ജവാന്‍ ലുക്ക് പുറത്ത്; കൊടുങ്കാറ്റിന് മുമ്പുള്ള ഇടിമുഴക്കമെന്ന് ഷാരൂഖ്
നയന്‍താരയുടെ ജവാന്‍ ലുക്ക് പുറത്ത്; കൊടുങ്കാറ്റിന് മുമ്പുള്ള ഇടിമുഴക്കമെന്ന് ഷാരൂഖ്

By

Published : Jul 17, 2023, 4:46 PM IST

തെന്നിന്ത്യന്‍ സൂപ്പര്‍ താരം നയന്‍താരയുടേതായി (Nayanthara) റിലീസിനൊരുങ്ങുന്ന ചിത്രമാണ് 'ജവാന്‍' (Jawan). സിനിമയിലെ നയന്‍താരയുടെ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കള്‍.

ഷാരൂഖ് ഖാന്‍ ഇത് ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിട്ടുമുണ്ട്. കൈയ്യില്‍ തോക്കുമേന്തി യൂണിഫോമിലുള്ള നയന്‍താരയെയാണ് പോസ്‌റ്ററില്‍ കാണാനാവുക. തന്‍റെ സഹതാരത്തെ പ്രോത്സാഹിപ്പിച്ച് കൊണ്ടുള്ള ഒരു അടിക്കുറിപ്പും ഷാരൂഖ് പങ്കുവച്ചു.

'കൊടുങ്കാറ്റിന് മുമ്പുള്ള ഇടിമുഴക്കമാണ് അവൾ. 2023 സെപ്‌റ്റംബര്‍ 7ന് ഹിന്ദി, തമിഴ്, തെലുഗു എന്നീ ഭാഷകളില്‍ ജവാന്‍ ലോകമെങ്ങുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യും' - ക്യാരക്‌ടര്‍ പോസ്‌റ്റര്‍ പങ്കുവച്ച് ഷാരൂഖ് ഖാന്‍ ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചു.

അടുത്തിടെയാണ് നിര്‍മാതാക്കള്‍ 'ജവാന്‍' ട്രെയിലര്‍ പുറത്തുവിട്ടത്. ട്രെയിലറില്‍ നയന്‍താരയെ പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഷാരൂഖ് ഖാന്‍ (Shah Rukh Khan) ആയിരുന്നു ഹൈലൈറ്റായത്. ട്രെയിലറില്‍ നയന്‍താരയ്‌ക്കും വിജയ്‌ സേതുപതിക്കും (Vijay Sethupathi) ഇടം കുറവായിരുന്നു.

'ജവാന്‍' ട്രെയിലര്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് ചിത്രത്തിലെ ഞെട്ടിപ്പിക്കുന്ന നയന്‍താരയുടെ പോസ്‌റ്ററുമായി നിര്‍മാതാക്കള്‍ രംഗത്തെത്തിയത്. ഒരു പൊലീസ് ഓഫിസറുടെ കഥാപാത്രത്തെയാണ് 'ജവാനി'ല്‍ നയന്‍താര അവതരിപ്പിക്കുക എന്നാണ് പുറത്തിറങ്ങിയ ക്യാരക്‌ടര്‍ പോസ്‌റ്ററും ജവാന്‍ ട്രെയിലറും നല്‍കുന്ന സൂചന. നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണ് ജവാന്‍.

Also Read:അറ്റ്ലിയുടെ 'ജവാൻ' ട്രെയിലറെത്തി; ഞെട്ടിച്ച് കിങ് ഖാൻ, മാസായി നയൻസും വിജയ് സേതുപതിയും

അറ്റ്‌ലി കുമാര്‍ (Atlee Kumar) സംവിധാനം ചെയ്യുന്ന ചിത്രം ഒരു ആക്ഷന്‍ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. ദീപിക പദുകോണും ( Deepika Padukone) സിനിമയില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. അതേസമയം അറ്റ്‌ലിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ദളപതി വിജയ്‌യും (Thalapathy Vijay) ചിത്രത്തില്‍ പ്രത്യക്ഷപ്പെടുമെന്നാണ് സൂചന.

സന്യ മൽഹോത്ര, പ്രിയാമണി, സഞ്ജീത ഭട്ടാചാര്യ, ഗിരിജ ഓക്ക്, ലെഹർ ഖാൻ, റിധി ദോഗ്ര, ആലിയ ഖുറേഷി എന്നിവരും ചിത്രത്തില്‍ അണിനിരക്കും. ഷാരൂഖ് ഖാന്‍റെയും ഗൗരി ഖാന്‍റെയും ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്‍റര്‍ടെയിന്‍മെന്‍റിന്‍റെ ബാനറിലാണ് സിനിമയുടെ നിര്‍മാണം. നേരത്തെ ജൂണ്‍ 2നാണ് റിലീസ് ചെയ്യാന്‍ നിശ്ചയിച്ചിരുന്നതെങ്കിലും സെപ്‌റ്റംബര്‍ 7നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.

നേരത്തെ ഷാരൂഖ് ഖാന്‍റെ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ പുറത്തിറങ്ങിയിരുന്നു. താരം തന്നെയായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ ജവാനിലെ തന്‍റെ ലുക്ക് ആരാധകര്‍ക്കായി പങ്കുവച്ചത്. കൈയ്യില്‍ തോക്കുകളുമായി തല മൊട്ട അടിച്ച കിംഗ് ഖാന്‍ ആയിരുന്നു പോസ്‌റ്ററില്‍.

Also Read:Jawan | മൊട്ടയടിച്ച് കൈയ്യില്‍ തോക്കുമായി മാസ് ലുക്കില്‍ ഷാരൂഖ് ; 'ജവാന്‍' പുതിയ പോസ്‌റ്റര്‍

ട്വിറ്ററിലൂടെ ആസ്‌ക് എസ്‌ആര്‍കെ AskSRK എന്ന സെഷനിലൂടെയാണ് താരം തന്‍റെ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ പങ്കുവച്ചത്. 'ഞാൻ വില്ലനായാല്‍, ഒരു നായകനും എന്‍റെ മുന്നിൽ നിൽക്കാനാവില്ല. 2023 സെപ്റ്റംബർ 7ന് 'ജവാൻ' ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ഹിന്ദി, തമിഴ്, തെലുഗു എന്നീ ഭാഷകളില്‍ റിലീസ് ചെയ്യും' - പോസ്റ്റര്‍ സഹിതം ഷാരൂഖ് കുറിച്ചു.

ABOUT THE AUTHOR

...view details