റായ്പൂര്‍: ഛത്തീസ്‌ഗഡിലെ സുക്‌മ ജില്ലയിലെ ഒരു ഗ്രാമത്തിൽ നിന്ന് സ്കൂള്‍ വിദ്യാര്‍ഥി ഉള്‍പ്പെടെ അഞ്ച് പേരെ നക്‌സലുകൾ തട്ടിക്കൊണ്ടുപോയതായി ആരോപണം. ഇതോടെ സുരക്ഷ സേന തെരച്ചില്‍ ആരംഭിച്ചു. കോണ്ട പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവമെന്നാണ് വിവരം.
ശനിയാഴ്ച വൈകിട്ടോടെ ഒരു കൂട്ടം നക്‌സലുകള്‍ ഗ്രാമത്തില്‍ എത്തിയിരുന്നു. ഇവര്‍ 12ാം ക്ലാസുകാരി ഉള്‍പ്പെടെ അഞ്ച് പേരെ ബലമായി കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെ ഇതുസംബന്ധിച്ച് സേനക്ക് വിവരം ലഭിച്ചിരുന്നു.
Also Read:ലഖീംപൂര്‍ ഖേരി കേസ്: തിങ്കളാഴ്ച വീണ്ടും സുപ്രീം കോടതി പരിഗണിക്കും
ഇതോടെ സേന തെരച്ചില്‍ നടത്തുകയായിരുന്നു. തട്ടിക്കൊണ്ടുപോകലിന് പിന്നിലെ കാരണം വ്യക്തമല്ല. സാധാരണ ഗ്രാമവാസികളെ മീറ്റിങ്ങുകളില്‍ പങ്കെടുപ്പിക്കാനായി സംഘം കൊണ്ടുപോകാറുണ്ട് എന്ന് ബസ്‌ത മേഖലയിലെ ആദിവാസി വിഭാഗങ്ങളുടെ കൂട്ടായ്മയായ സർവ ആദിവാസി സമാജ് പ്രതിനിധി പറഞ്ഞു.
ജൂലൈയിൽ, ജാഗർഗുണ്ട പൊലീസ് സ്റ്റേഷൻ പരിധിയിലെ കുന്ദേഡിൽ നിന്ന് നക്‌സലുകൾ എട്ട് ഗ്രാമീണരെ തട്ടിക്കൊണ്ടുപോയി രണ്ട് മൂന്ന് ദിവസത്തിന് ശേഷം വിട്ടയച്ചിരുന്നു.