ഭോപ്പാല്‍ :കംബൈൻഡ് കമാൻഡേഴ്‌സ് കോൺഫറൻസിൽ പങ്കെടുക്കാൻ ഭോപ്പാലിലെത്തിയ നാവികസേന മേധാവി അഡ്‌മിറൽ ആർ ഹരികുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങിയതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രത്യേക വിമാനത്തിലാണ് നാവികസേന മേധാവി ഡല്‍ഹിയിലേക്ക് തിരിച്ചത്.
അദ്ദേഹത്തിന്‍റെ ആരോഗ്യ നില തൃപ്‌തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനെത്തിയ 1300 പേരെ പരിശോധനയ്‌ക്ക് വിധേയരാക്കി. ഇതില്‍ നാവിക സേന മേധാവി ഉള്‍പ്പടെ 22 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ആശങ്കയില്ല, സൗകര്യങ്ങള്‍ സുസജ്ജം :കമാൻഡേഴ്‌സ് കോൺഫറൻസ് സമ്മേളനം നടക്കുന്നതിനാല്‍ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടാലും അതിനെ നേരിടാനുള്ള വിപുലമായ ക്രമീകരണങ്ങള്‍ ഭോപ്പാലില്‍ ഒരുക്കിയിട്ടുണ്ട്. ആശുപത്രികളില്‍ പ്രത്യേക മുറികള്‍ കൊവിഡ് ബാധിതര്‍ക്കായി സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ 14 വിദഗ്‌ധ ഡോക്‌ടര്‍മാരുടെ സംഘത്തെയും സ്ഥലത്തെത്തിച്ചിട്ടുണ്ട്.
ഭോപ്പാലിലെ കുഷാഭാവു താക്കറെ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടക്കുന്ന സംയുക്ത കമാൻഡേഴ്‌സ് കോൺഫറൻസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തിയിരുന്നു. രാവിലെ 10 മണിയോടെയാണ് പ്രധാനമന്ത്രി സമ്മേളന വേദിയില്‍ എത്തിയത്. ദേശീയ സുരക്ഷ ഉപദേഷ്‌ടാവ് അജിത് ഡോവലും സന്നിഹിതനായിരുന്നു.
കംബൈൻഡ് കമാൻഡേഴ്‌സ് കോൺഫറൻസ് 2023 :മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 1 വരെയാണ് ഭോപ്പാലിലെ കുശാഭാവു താക്കറെ ഹാളില്‍ കംബൈൻഡ് കമാൻഡേഴ്‌സ് കോൺഫറൻസ് സമ്മേളനം നടന്നത്. ഉജ്ജീവനം, സന്ദര്‍ഭോചിതം, സുസജ്ജം എന്നീ വിഷയങ്ങളിലാണ് സൈനികരുടെ ത്രിദിന സമ്മേളനം നടന്നത്.
പതിനൊന്നാം വന്ദേ ഭാരത് ഫ്ലാഗ് ഓഫ് ചെയ്‌ത് പ്രധാനമന്ത്രി :കമാൻഡേഴ്‌സ് കോൺഫറൻസ് സമ്മേളനം സമാപിച്ചതിന് ശേഷം 3.30 ഓടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കമലാപതി റെയില്‍വേ സ്റ്റേഷനിലെത്തി രാജ്യത്തെ പതിനൊന്നാമത്തെയും മധ്യപ്രദേശിലെ ആദ്യത്തെയും വന്ദേ ഭാരത് ട്രെയിന്‍ ഫ്ലാഗ് ഓഫ് ചെയ്‌തു. റാണി കമലാപതി റെയില്‍വേ സ്റ്റേഷനും ന്യൂഡല്‍ഹി റയില്‍വേ സ്റ്റേഷനും ഇടയില്‍ സര്‍വീസ് നടത്തുന്ന ട്രെയിനാണിത്.
തദ്ദേശീയമായി നിര്‍മിച്ച ട്രെയിന്‍ യാത്രക്കാര്‍ക്ക് ഏറെ പ്രയോജനകരമായിരിക്കും. അത്യാധുനിക യാത്രാസൗകര്യങ്ങളാണ് ട്രെയിനില്‍ സജ്ജീകരിച്ചിട്ടുള്ളത്. മധ്യപ്രദേശിലെ ആദ്യത്തെ വന്ദേ ഭാരത് ട്രെയിന്‍ സംസ്ഥാനത്തെ ടൂറിസം മേഖലയ്‌ക്ക് ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. സെമി ഹൈസ്‌പീഡ് ട്രെയിനായ വന്ദേ ഭാരത് 7.45 മണിക്കൂര്‍ കൊണ്ട് 798 കിലോമീറ്റര്‍ പിന്നിടും.
also read:അധിക മണ്ണോ കൂടുതല്‍ സ്ഥലമോ വേണ്ട, എന്തിനേറെ പണിക്കാരുടെയും ആവശ്യമില്ല ; കൃഷി ഹൈ ടെക്കായും ചെയ്യാം
യാത്രക്കാര്‍ക്ക് വേഗമേറിയതും സുഖകരവുമായ യാത്രാനുഭവം നല്‍കാന്‍ വന്ദേ ഭാരതിലൂടെ സാധിക്കും. സംസ്ഥാനത്തെ സാമ്പത്തിക പുരോഗതിയ്‌ക്ക് വന്ദേ ഭാരത് മുതല്‍ക്കൂട്ടാകുമെന്നാണ് വിലയിരുത്തല്‍. മധ്യപ്രദേശും ഡല്‍ഹിയും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കാന്‍ വന്ദേ ഭാരതിലൂടെ സാധിക്കുമെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
പ്രധാനമന്ത്രിയെ പുകഴ്‌ത്തി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ : 'പ്രധാനമന്ത്രി നരേന്ദ്ര മോദി ഭോപ്പാലില്‍ എത്തുന്നത് ജനങ്ങള്‍ക്ക് വലിയൊരു സമ്മാനവുമായിട്ടാണ്. വന്ദേ ഭാരത് എക്‌സ്പ്രസിന്‍റെ രൂപത്തിലാണ് ആ സമ്മാനമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ ഇടപെടല്‍ കൊണ്ടാണ് മധ്യപ്രദേശ് അതിവേഗം പുരോഗമിച്ച് കൊണ്ടിരിക്കുന്നതെന്നും' - മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.