ന്യൂഡൽഹി:പഞ്ചാബ് കോൺഗ്രസിലെ പ്രശ്ന പരിഹാര ശ്രമം വേഗത്തിലാക്കി കോൺഗ്രസ് ഹൈക്കമാൻഡ്. മുഖ്യമന്ത്രി അമരീന്ദർ സിങ്ങുമായുള്ള തർക്കത്തിൽ നവജോത് സിങ് സിദ്ദു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി ഡൽഹിയിൽ കൂടിക്കാഴ്‌ച നടത്തി. രാഹുൽ ഗാന്ധിയുടെ വസതിയിൽ നടന്ന കൂടിക്കാഴ്‌ചയെ സംബന്ധിച്ച് നവജോത് സിങ് സിദ്ദുവോ, കോൺഗ്രസോ പ്രതികരിച്ചില്ല.
ഹൈക്കമാൻഡ് ഇടപെടല്‍
2022ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന കോൺഗ്രസിൽ നടത്തേണ്ട നവീകരണം യോഗത്തിൽ ചർച്ചയായെന്നാണ് റിപ്പോർട്ട്. ബുധനാഴ്‌ച സിദ്ദു കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. പഞ്ചാബ് സർക്കാരിൽ മന്ത്രിസ്ഥാനവും പാർട്ടി പ്രചാരണ സമിതി മേധാവി സ്ഥാനവും സിദ്ദുവിന് വാഗ്‌ദാനം ചെയ്‌തതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങുമായി ഒരുമിച്ച് പ്രവർത്തിക്കുന്നതിലെ അതൃപ്‌തി സിദ്ദു വ്യക്തമാക്കിയിരുന്നു.
മുഖ്യമന്ത്രിയും സിദ്ധുവും തമ്മിലുള്ള പ്രശ്നം പരിഹരിക്കുന്നതിനായി രാഹുൽ ഗാന്ധി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോൺഗ്രസ് എംഎൽഎമാർ, എംപിമാർ, പഞ്ചാബിലെ പ്രമുഖ നേതാക്കൾ എന്നിവരുമായി നിരന്തര ചർച്ചയിലായിരുന്നു. പാർട്ടിയുടെ പഞ്ചാബ് യൂണിറ്റിലെ വിഭാഗീയത അവസാനിപ്പിക്കാൻ സോണിയ ഗാന്ധി മൂന്നംഗ സമിതി രൂപീകരിച്ചിരുന്നു.