ലഖ്‌നൗ:ലഖിംപൂർ ഖേരിയിലുണ്ടായ അക്രമത്തിൽ മരിച്ച മാധ്യമ പ്രവർത്തകന്‍റെ വീട്ടിൽ പഞ്ചാബ് കോൺഗ്രസ് പ്രസിഡന്‍റ് നവജോത് സിങ് സിദ്ദു അനിശ്ചിത കാല നിരാഹാര സമരത്തിൽ. അക്രമത്തിൽ പങ്കാളിയായ അജയ് മിശ്രക്കും ആശിഷ് മിശ്രക്കും എതിരെ നടപടി എടുക്കുന്നതുവരെ സമരം തുടരുമെന്ന് സിദ്ദു പറഞ്ഞു. വൈകി വരുന്ന നീതി, നീതി നിഷേധത്തിന് തുല്യമാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
നവജോത് സിങ് സിദ്ദുവിന്‍റെ നേതൃത്വത്തിൽ ലംഖിപൂർ ഖേരിയിലേക്ക് തിരിച്ച കോൺഗ്രസ് റാലി ഷാജഹാൻപൂരിൽ വച്ച് ജില്ല ഭരണകൂടം തടഞ്ഞിരുന്നു. സിദ്ദുവിനെയും പാർട്ടി പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. അതേ സമയം വ്യാഴാഴ്‌ച ലംഖിപൂർ ഖേരി അക്രമത്തിർ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണാൻ കോൺഗ്രസ് പ്രവർത്തകരെ അനുവദിച്ചിരുന്നു. ഞായറാഴ്‌ചയുണ്ടായ അക്രമത്തിൽ നാല് കർഷകർ ഉൾപ്പടെ എട്ട് പേരാണ് കൊല്ലപ്പെട്ടത്.
പ്രധാനമന്ത്രിയുടെ മൗനത്തെ പരിഹസിച്ച് കപിൽ സിബൽ
ലഖിംപൂർ ഖേരി സംഭവത്തിൽ പ്രധാനമന്ത്രിയുടെ മൗനത്തെ പരിഹസിച്ച് കോൺഗ്രസ് നേതാവ് കപിൽ സിബൽ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിയിൽ നിന്ന് ഒരു സഹതാപം മാത്രമാണ് ആവശ്യമെന്നും അത് അത്ര ബുദ്ധിമുട്ട് ഉള്ള കാര്യമല്ല എന്നും കപിൽ സിബൽ ട്വിറ്ററിലൂടെ പ്രതികരിച്ചു.