ജലന്ധർ : കൊലപാതക കേസില്‍ പാട്യാല സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദുവിന് ജയിലിൽ ക്ലാർക്കിന്‍റെ ജോലി. സിദ്ദുവിന്‍റെ വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ചുള്ള ജോലിയാണ് ജയിലിൽ നൽകിയിട്ടുള്ളത്. കൂടാതെ സിദ്ദുവിന്‍റെ സുരക്ഷ കൂടി കണക്കിലെടുത്താണ് ബാരക്കിനുള്ളിൽ നിന്ന് തന്നെ ചെയ്യാൻ കഴിയുന്ന ജോലി നൽകിയത്.
10-ാം നമ്പർ ബാരക്കിൽ പാർപ്പിച്ചിരിക്കുന്ന സിദ്ദുവിന് ഫയലുകൾ സെല്ലിൽ കൈമാറും. ജോലിക്ക് നിശ്ചിത സമയം അനുവദിച്ചിട്ടില്ലാത്തതിനാൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെയുള്ള സമയത്തിനിടെ എപ്പോൾ വേണമെങ്കിലും സിദ്ദുവിന് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാം. ജോലിയിൽ പ്രവേശിച്ചെങ്കിലും മൂന്ന് മാസം സിദ്ദുവിന് ശമ്പളം ലഭിക്കില്ല.
അതിനിടെ ആരോഗ്യപ്രശ്‌നങ്ങൾ കണക്കിലെടുത്ത് വീട്ടിൽ നിന്ന് പ്രത്യേക ഭക്ഷണക്രമം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിദ്ദു പട്യാല ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ വെള്ളിയാഴ്‌ച അപേക്ഷ നൽകിയിരുന്നു. സിദ്ദുവിന്‍റെ ഹർജിയിൽ കോടതി നിയോഗിച്ച ഡോക്‌ടർമാരുടെ പാനൽ പ്രത്യേക ഡയറ്റ് ചാർട്ടും തയ്യാറാക്കിയിരുന്നു.
ഫൈവ് സ്റ്റാർ ഹോട്ടലിലെ ഭക്ഷണത്തോട് കിടപിടിക്കുന്ന മെനുവാണ് ഡോക്‌ടർമാർ തയ്യാറാക്കി നൽകിയിട്ടുള്ളത്. രാവിലെ റോസ്മേരി ചായയോടെയാണ് സിദ്ദുവിന്‍റെ ദിവസം ആരംഭിക്കുന്നത്. കൂടാതെ ധാരാളം പഴവർഗങ്ങൾ, പച്ചക്കറി ജ്യൂസ്, മിശ്രിത ധാന്യങ്ങൾ ഉപയോഗിച്ചുള്ള ചപ്പാത്തി എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉറങ്ങുന്നതിന് മുൻപ് കുടിക്കാൻ ചമോമൈൽ ചായയും.
ഇവ കൂടാതെ ലാക്ടോസ് രഹിത പാൽ ഒരു കപ്പ്, സൂര്യകാന്തി, തണ്ണിമത്തൻ അല്ലെങ്കിൽ ചിയ എന്നിവയുടെ വിത്തുകൾ, 5-6 ബദാം, ഒരു വാൽനട്ട്, രണ്ട് പീക്കൻ നട്ട്സ്, ബീറ്റ്റൂട്ട്, വെള്ളരി, മൊസമ്പി, തുളസ് അല്ലെങ്കിൽ പുതിന ഇല, നെല്ലിക്ക, ക്യാരറ്റ്, കറ്റാർവാഴ എന്നിവയിൽ ഏതെങ്കിലും ഉപയോഗിച്ചുള്ള ജ്യൂസും മെനുവിൽ ചേര്‍ത്തിട്ടുണ്ട്.