ന്യൂഡല്‍ഹി: പഞ്ചാബ് കോണ്‍ഗ്രസിന്‍റെ അധ്യക്ഷനായി നവജ്യോത് സിങ് സിദ്ധുവിനെ നിയമിച്ചു. അടുത്ത വര്‍ഷം സംസ്ഥാനത്ത് നിയമ സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സിദ്ധുവിന്‍റെ നിയമനം. സംഗത് സിങ് ഗില്‍സിയാന്‍, സുഖ്‌വിന്ദര്‍ സിങ് ഡാനി, പവന്‍ ഗോയല്‍, കുല്‍ജിത് സിങ് നഗ്ര എന്നിവരെ വര്‍ക്കിങ് പ്രസിഡന്‍റുമാരായും നിയമിച്ചിട്ടുണ്ട്.
സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് ഇക്കാര്യം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്. മുഖ്യമന്ത്രി അമരീന്ദര്‍ സിങ്, നവജ്യോത് സിങ് സിദ്ധു എന്നിവരുമായി പാര്‍ട്ടി ഹൈക്കമാന്‍ഡ് നിരന്തരമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഏറെ നാളായി ഇരുവരും തുടരുന്ന തര്‍ക്കത്തിന് പരിഹാരമായത്.
അതേസമയം സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായി സിദ്ധുവിനെ നിയോഗിക്കുന്നതില്‍ വിയോജിപ്പ് രേഖപ്പെടുത്തി പാര്‍ട്ടി ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്ക് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് കഴിഞ്ഞ വെള്ളിയാഴ്ച കത്തയച്ചിരുന്നു. ഇതിന്‍റെ ഭാഗമായി ജൂലൈ 17 ന് പഞ്ചാബിന്‍റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത് അമരീന്ദർ സിങ്ങുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
also read:ജനസംഖ്യ നിയന്ത്രണ ബില്ല്; ബിജെപിയെ വിമർശിച്ച് ശശി തരൂർ
തുടര്‍ന്ന് ഹൈക്കമാൻഡ് എടുക്കുന്ന ഏത് തീരുമാനത്തെയും മാനിക്കുമെന്ന് അമരീന്ദർ ഉറപ്പ് നൽകിയതായും നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അമരീന്ദർ സിങ് തന്നെയാവും പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്നും ഹരീഷ് റാവത്ത് വ്യക്തമാക്കുകയും ചെയ്തു.