ചണ്ഡിഗഡ് : കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദുവിനെ മുഖ്യമന്ത്രിയാക്കാനുള്ള ഏത് നീക്കത്തെയും തടയുമെന്ന് രാജിവച്ച പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്. സ്ഥാനമൊഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷമാണ് സഹപ്രവര്‍ത്തകനെതിരെ മുന്‍ മുഖ്യമന്ത്രി രംഗത്തെത്തിയത്.
''നവജ്യോത് സിങ് സിദ്ദു കഴിവില്ലാത്ത ആളാണ്. അദ്ദേഹമൊരു ദുരന്തമാകാൻ പോകുന്നു. സിദ്ദുവിന് പാകിസ്ഥാൻ സ്ഥാപനവുമായി ബന്ധമുണ്ട്. ദേശീയ സുരക്ഷ കണക്കിലെടുത്ത്, അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തത്തിന് തടയിടും.'' - അമരീന്ദർ സിങ് പറഞ്ഞു.
''സിദ്ദുവിനെ പി.സി.സി അധ്യക്ഷനായി നിലനിർത്തണോ എന്നത് കോൺഗ്രസിന്റെ തീരുമാനമാണ്. എനിക്ക് അദ്ദേഹത്തെ നന്നായി അറിയാം. സിദ്ദു പഞ്ചാബിന്‍റെ ഒരുതരം മാന്ത്രിക പദമാണെന്ന് കരുതരുത്''.
''പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ജനറൽ ബജ്‌വയും നവജ്യോതിന്‍റെ സുഹൃത്തുക്കളാണ്. ദിവസവും ധാരാളം ഡ്രോണുകൾ, സ്ഫോടകവസ്‌തുക്കൾ, ഗ്രനേഡുകൾ, പിസ്റ്റളുകൾ, റൈഫിളുകൾ, എ.കെ 47 തുടങ്ങിയവ പാകിസ്ഥാനിൽ നിന്ന് പഞ്ചാബിലേക്ക് വരുന്നു''.