ചണ്ഡീഗഡ്: കൊലപാതക കേസില്‍ കോടതിയില്‍ കീഴടങ്ങിയ കോൺഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദുവിനെ പട്യാല സെൻട്രൽ ജയിലിലേക്ക് മാറ്റി. 34 വർഷം പഴക്കമുള്ള കൊലപാതക കേസില്‍ ഒരു വർഷത്തെ കഠിന തടവിന് ശിക്ഷിച്ച വിധിയില്‍ കീഴടങ്ങാന്‍ സമയം വേണമെന്ന് അഭ്യര്‍ഥിച്ച് നവ്‌ജ്യോത് സിങ് സിദ്ദു സുപ്രീം കോടതിയെ സമീപിച്ചിരുന്നു. അത് പരിഗണിക്കാത്തതിനെത്തുടർന്ന് ഇന്നലെയാണ് പട്യാല കോടതിയില്‍ കീഴടങ്ങിയത്.
നമ്പർ 241383: പട്യാല സെൻട്രൽ ജയിലിൽ തടവുപുള്ളിയായി 241383 എന്ന നമ്പരാണ് സിദ്ദുവിന് ലഭിച്ചത്. ജയിലിലേക്ക് പ്രവേശിപ്പിക്കുന്നതിന് മുൻപ് ലൈബ്രറി പരിസരത്താണ് സിദ്ദുവിനെ പാർപ്പിച്ചിരുന്നത്. തുടർന്ന് കൊലപാതകക്കേസിൽ ശിക്ഷ അനുഭവിക്കുന്ന എട്ട് തടവുകാർക്കൊപ്പം 10-ാം നമ്പർ ബാരക്കിലേക്ക് മാറ്റി.
സിദ്ദുവും മജീതിയയും ഒരേ ജയിലിൽ:നവജ്യോത് സിങ് സിദ്ദുവിനേയും ശിരോമണി അകാലിദൾ നേതാവ് ബിക്രം മജിതിയേയും ഒരേ ജയിലിലാണ് പാർപ്പിച്ചിട്ടുള്ളത്. സിദ്ദുവിന്‍റെ 10-ാം നമ്പർ ബാരക്ക് മജിത്തിയയുടെ സെല്ലിൽ നിന്ന് ഏകദേശം 500 മീറ്റർ അകലെയാണ്. 10-15 അടി വരെ നീളമുള്ളതാണ് സിദ്ദുവിനെ പാർപ്പിച്ചിട്ടുള്ള ബാരക്കുകൾ. കട്ടിൽ അനുവദിച്ചിട്ടില്ലാത്തതിനാൽ സിദ്ദുവിന് സിമന്‍റ് തറയിൽ കിടന്ന് ഉറങ്ങേണ്ടി വരും.
തടവുകാർക്കൊപ്പം വെള്ള വസ്‌ത്രം: നവജ്യോത് സിദ്ദുവിനെ ജയിലിൽ നിന്ന് 2 തലപ്പാവ്, ഒരു പുതപ്പ്, ഒരു കിടക്ക, മൂന്ന് അടിവസ്ത്രങ്ങൾ, 2 ടവലുകൾ, ഒരു കൊതുകുവല, ഒരു പേന, ഒരു ജോടി ഷൂ, 2 ബെഡ്ഷീറ്റുകൾ, രണ്ട് തലയണകൾ, 4 പൈജാമകൾ എന്നിവയാണ് ലഭിച്ചത്. കൂടാതെ ഒരു മേശയും കസേരയുമുണ്ട്. സിദ്ദുവിന് ജയിലിനുള്ളിൽ തടവുകാർക്കൊപ്പം വെള്ള വസ്ത്രം ധരിക്കേണ്ടിവരും.
റൊട്ടി അലർജി: ജയിലിൽ പ്രവേശിപ്പിച്ച ഇന്നലെ രാത്രി സിദ്ദു ഭക്ഷണം കഴിച്ചിരുന്നില്ല. ജയിലിൽ ദാൽ റൊട്ടി നൽകിയെങ്കിലും ഗോതമ്പ് അലർജിയായതിനാൽ സിദ്ദു അത് കഴിച്ചിരുന്നില്ല.